Tag: 20 AAP MLAs disqualified

20 എംഎല്‍എമാര്‍ അയോഗ്യര്‍: തെര.കമ്മീഷനെതിരെ എഎപി

ന്യൂഡല്‍ഹി : ഡല്‍ഹി സര്‍ക്കാരിനും ആം ആദ്മി പാര്‍ട്ടിക്കും തിരിച്ചടിയായി 20 എംഎല്‍എമാരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ അയോഗ്യരാക്കി. ഇരട്ടപ്പദവി വിവാദത്തിലാണ് നടപടി. എംഎല്‍എ മാരെ അയോഗ്യരാക്കാന്‍ കമ്മീഷന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തു. ഡല്‍ഹിയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പു കമ്മീഷന്‍ സമ്പൂര്‍ണ യോഗത്തിലാണ് തീരുമാനം. തീരുമാനം വന്നതിനു പിന്നാലെ കോണ്‍ഗ്രസുംബിജെപിയും അയോഗ്യതാ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്തപ്പോള്‍ എഎപി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. അധികാരമേറ്റ് ആദ്യമാസത്തിനകം 21 എംഎല്‍എമാരെ കേജരിവാള്‍ പാര്‍ലമെണ്ടറി സെക്രട്ടറിമാരായി നിയമിച്ചിരുന്നു. ഇതില്‍ രജൗറി ഗാര്‍ഡന്‍ എംഎല്‍എ ജര്‍ണയില്‍ സിംഗ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാജിവെച്ചു. മറ്റ് 20 പേര്‍ക്കെതിരെയാണ് നടപടി. അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ ആണ് എഎപി എംഎല്‍എമാര്‍ക്കെതിരെ നിയമപോരാട്ടം നടത്തിയത്. എഴുപതംഗ നിയമസഭയില്‍ എഎപിക്ക് 66 എംഎല്‍എമാരുണ്ട്. അയോഗ്യതാ തീരുമാനം ഭരണത്തെ ബാധിക്കില്ലങ്കിലും ധാര്‍മികതാപ്രശ്നം പ്രതിപക്ഷം ഉയര്‍ത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താല്‍പ്പര്യപ്രകാരമാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് എഎപി നേതാവ് സൌരഭ് ഭരദ്വാജ് ആരോപിച്ചു.