Tag: പെരിയവാര പാലം

ഇടുക്കിയിലേക്കുള്ള സന്ദര്‍ശക വിലക്ക് പിന്‍വലിച്ചു

പ്രളയത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഇടുക്കി ജില്ലയിലേക്കുള്ള സന്ദര്‍ശകരുടെ വിലക്ക് പിന്‍വലിച്ചു. ഉരുള്‍പ്പൊട്ടല്‍ തുടര്‍ച്ചയായതോടെയാണ് ജില്ലയില്‍ സഞ്ചാരികള്‍ക്ക് ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. മഴ മാറിയതോടെ രാജമലയില്‍ കുറിഞ്ഞി പൂക്കള്‍ വീണ്ടും വിരിഞ്ഞു തുടങ്ങി.ഏക്കറുകണക്കിന് മലകളില്‍ നീല വസന്തം എത്തിയെങ്കിലും സന്ദര്‍ശകര്‍ കടന്നു വരാത്തത് വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. തുടര്‍ന്ന് കളക്ടര്‍ ഇന്നലെ രാത്രിയോടെ നിരോധനം പിന്‍വലിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. രാജമലയിലേക്ക് കടന്നു പോകുന്ന പെരിയവാര പാലം അടുത്ത ദിവസം ഗതാഗത യോഗ്യമാകുന്നതോടെ ഇടുക്കിയിലേക്ക് വീണ്ടും സഞ്ചാരികള്‍ എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. മൂന്നാര്‍ എരവികുളം നാഷണല്‍ പാര്‍ക്ക് വരും ദിവസങ്ങളില്‍ സഞ്ചാരി കള്‍ക്കായി നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കുന്നതിനു വേണ്ടി തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.