മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി നിര്‍മ്മാണോദ്ഘാടനം ജൂണ്‍ 30ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും

മലബാറിലെ ടൂറിസം രംഗത്ത് സമഗ്ര വികസനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും നടപ്പിലാക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിക്ക് ഈ മാസം 30 തിന് തുടക്കം. കണ്ണൂര്‍ പറശ്ശിനിക്കടവില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിക്ക് തുടക്കം കുറിക്കുകയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പദ്ധതി നടപ്പിലാകുന്നതോടെ ടൂറിസം രംഗത്ത് മലബാര്‍ വന്‍ കുതിച്ച് ചാട്ടം നടത്തുമെന്നും മന്ത്രി പറഞ്ഞു.

മലബാറിന്റെ സ്വപ്ന പദ്ധതി

പദ്ധതി നടപ്പിലാകുന്നതോടെ വരുന്ന അഞ്ച് വര്‍ഷം കൊണ്ട് രണ്ട് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഏഷ്യയില്‍ കണ്ടിരിക്കേണ്ട 10 ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മൂന്നാം സ്ഥാനത്തായി ലോണ്‍ലി പ്ലാനറ്റ് മലബാറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി വിനോദ സഞ്ചാര മേഖലയില്‍ വ്യത്യസ്തമായിട്ടുള്ള ടൂറിസം ബ്രാന്‍ഡ് ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു

മലബാറിലൂടെ ജലയാത്ര

മലബാറിലെ നദികളിലൂടെയും , കായലിലൂടെയും ,ഉള്ള വിനോദ വിജ്ഞാന ജലയാത്രയാണ് ഈ പദ്ധതിയുടെ പ്രമേയം. പരിസ്ഥിതി സൗഹാര്‍ദ്ദ ടൂറിസം പദ്ധതി നടപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഗ്രീന്‍ ആര്‍ക്കിടെക്ചറര്‍ ഡിസൈന്‍ അനുസരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മാലിന്യ നിര്‍മ്മാജന രിതികള്‍ അവലംബിച്ച് മാലിന്യ മുക്ത ടൂറിസം പദ്ധതി കര്‍ശനമായാകും നടപ്പിലാക്കുക.
സ്വീവേജ് ട്രീ്റ്റ്മെന്റ് പ്ലാന്റ്,ബയോ ടോയ്‌ലെറ്റുകള്‍, പ്ലാസ്ററിക് മാലിന്യ സംസ്‌കരണം തുടങ്ങി എല്ലാ വിധത്തിലുമുള്ള മാലിന്യ സംസ്‌കരണം ഉറപ്പാക്കിയാണ് പദ്ധതി നടപ്പില്‍ വരുത്തുക. പരമ്പരാഗത തൊഴില്‍മേഖലകളായ കള്ള് ചെത്ത്, മത്സ്യ ബന്ധനം, നെല്‍കൃഷി, കൈത്തറി, കളി മണ്ണ്, വെങ്കലം മുതലായവ ടൂറിസം പദ്ധതിയുടെ ഭാഗമാക്കി അതിന്റെ നിര്‍മ്മാണവും വിപണവും ഇതിന്റെ ഭാഗമായി നടപ്പിലാക്കും.

പദ്ധതികളുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്യുന്ന ഓട്ടോ, ടാക്സി, ബസ് ജീവനക്കാര്‍ക്ക് പരിശീനം നല്‍കി പദ്ധതിയുടെ ഭാഗമാക്കി തദ്ദേശീയരായവര്‍ക്ക് അധിക തൊഴിലവസരം നല്‍കാനും ലക്ഷ്യമിടുന്നുണ്ട്. മലബാര്‍ മേഖലയില്‍ നിലവിലുള്ള ഹോട്ടല്‍, റസ്റ്റാറന്റ് ഹോം സ്റ്റേ എന്നിവയുടെ നിലവാരം മെച്ചപ്പെടുത്തണം. സ്വകാര്യ പങ്കാളത്വത്തോടെ പുതിയതായി ഈ വ്യവസായത്തിലേക്ക് വരാന്‍ സ്വകാര്യ സംരംഭകരേയും സര്‍ക്കാര്‍ ഇതോടൊപ്പം പ്രോത്സാഹിപ്പിക്കും.

പാചക രീതികളും മലബാറിന്റെ സവിശേഷമായിട്ടുള്ള തനത് മുസ്ലീം വിഭവങ്ങളും വിനോദ സഞ്ചാരികള്‍ക്ക് ലഭ്യമാക്കുകയും പരിചയപ്പെടുത്തുകയും ചെയ്യും. ജല ഗതാഗതത്തെ ഇതിലൂടെ പ്രചാരത്തില്‍ കൊണ്ട് വരുകയാണ് ലക്ഷ്യം. മലബാറിന്റെ സാംസ്‌കാരിക കലാ രൂപങ്ങള്‍ തെയ്യം, ഒപ്പന, കോള്‍ക്കളി, പൂരക്കളി, യക്ഷഗാനം, ഇതെല്ലം ഉള്‍പ്പെടുത്തിയും മലബാറിന്റെ ചരിത്രപരമായ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയുമാണ് പദ്ധതി നടപ്പാക്കുക.

53 കോടി രൂപയുടെ ഭരണാനുമതി സംസ്ഥാന സര്‍ക്കാര്‍ ഇതിനകം നല്‍കിയിട്ടുണ്ട്. 100 കോടി രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ധനസഹായമായി പ്രതീക്ഷിക്കുന്നു. പദ്ധതി പൂര്‍ത്തിയാകുപ്പോള്‍ 325 കോടി രൂപയാണ് ആകെ. ചിലവ് പ്രതീക്ഷിക്കുന്നത്.

സ്വകാര്യ വ്യക്തികളുടെ സഹായത്തോടെയാണ് ക്രൂയിസ് ബോട്ടുകള്‍ ഇറക്കുന്നത്. മലബാറിലെ സഹകരണ സ്ഥാനങ്ങളും പദ്ധതിയോട് സഹകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രതീക്ഷയായി വിമാനത്താവളം

കണ്ണൂരിലെ പുതിയ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ മലബാറിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതായി ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു. നിലവില്‍ പത്ത് ശതമാനം ടൂറിസ്റ്റുകള്‍ പോലും മലബാറില്‍ എത്തിയിരുന്നില്ല. എന്നാല്‍ ഈ പദ്ധതി നടപ്പിലായാല്‍ ഇവിടേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാകും ഉണ്ടാക്കുക. പറശിനിക്കടവ്, പഴയങ്ങാടി, കരയാട് ബോട്ട് ടെര്‍മിനലുകള്‍, പെരിങ്ങത്തൂര്‍ ബോട്ട് ജെട്ടി, ചാമ്പാട്, ധര്‍മ്മടം, പാറപ്പുറം, മാടക്കല്‍ കോട്ടപ്പുറം ന്യൂ മാഹി, കാക്കടവ് എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കും. തെക്കേ ഇന്ത്യയിലെ ആദ്യ റിവര്‍ ക്രൂയിസ് സംരംഭമാണ് മലബാറിലേത്. കേരളത്തിന്റെ തനതായ പൈതൃകം ഉറപ്പാക്കിയാണ് സംസ്ഥാനത്ത് ക്രൂയിസ് ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ഉത്തരവാദിത്വ ടൂറിസത്തിന്റെ നയം നടപ്പിലാക്കി മാത്രമേ ഈ പദ്ധതികളെല്ലാം നടപ്പില്‍ വരുത്തുകയുള്ളൂവെന്നും ഡയറക്ടര്‍ പറഞ്ഞു.മധു കുമാറാണ് പദ്ധതിയുടെ ആര്‍ട്ടിടെക്ട് .