ദക്ഷിണകാശി കണ്ണൂര്‍ കൊട്ടിയൂര്‍ വൈശാഖോത്സവം

മലബാറിന്റെ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ വൈശാഖോത്സവം ലോക പ്രശസ്തമാണ്. പരമശിവനും പാര്‍വതിയും പ്രധാന ആരാധനമൂര്‍ത്തികളായ കൊട്ടിയൂര്‍ ക്ഷേത്രം പൗരാണിക ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നാണ്. മലബാറിന്റെ മഹോത്സവം എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ വൈശാഖോത്സവം ഇടവത്തിലെ ചോതി മുതല്‍ മിഥുനത്തിലെ ചിത്തിര വരെയാണ് നടക്കുന്നത്.

സഹ്യ മല നിരകളുടെ താഴ്‌വരയില്‍ പ്രകൃതി ഭംഗിയാല്‍ അലങ്കരിക്കപ്പെട്ട ക്ഷേത്രം ഒരു കാഴ്ച തന്നെയാണ്. വയനാടന്‍ ചുരങ്ങളിലൂടെ ഒഴുകി വരുന്ന ഔഷധ ഗുണമുള്ള ബാവലി പുഴ ക്ഷേത്രത്തിന്റെ വശങ്ങളിലൂടെ ഒഴുകുന്നു. തിരവാണിച്ചിറ കായല്‍ പുഴയുടെ വടക്ക് വശത്ത് ഉണ്ട്. ഇതിന്റെ രണ്ടിന്റെയും നടുവിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.


പുഴയുടെ അക്കരയും ഇക്കരയും സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങള്‍. ഇക്കര കൊട്ടിയൂര്‍ ക്ഷേത്രം എന്നും ഭക്തര്‍ക്കായി തുറന്ന് കൊടുക്കും എന്നാല്‍ വടക്ക് ഭാഗത്തുള്ള അക്കര കൊട്ടിയൂര്‍ വൈശാഖ ഉത്സവക്കാലത്ത് മാത്രം കെട്ടിയുണ്ടാക്കും. ഉത്സവസമയത്ത് ഇക്കര കൊട്ടിയൂര്‍ പൂജകള്‍ ഉണ്ടാവില്ല.
സ്ഥിര ക്ഷേത്രമായ അക്കര കൊട്ടിയൂരില്‍ സ്വയംഭൂവായ ശിവലിംഗമാണ് ഉള്ളത്. മണിത്തറയില്‍ പൂജിക്കുന്ന ശിവലിംഗം. ശക്തിയായ പാര്‍വതി ദേവിയെ പൂജിക്കുന്ന ഇടം അമ്മാമത്തറയെന്നാണ് അറിയപ്പെടുന്നത്.

ദക്ഷിണകാശി, തൃച്ചെറുമന, വടക്കും കാവ്, കിഴക്കും കാവ്, വടക്കീശ്വരം, കൂടിയൂര്‍ എന്നിങ്ങനെ പല പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്.
ത്രിമൂര്‍ത്തികളും മുപ്പത്തിമുക്കോടി ദേവകളും ഒന്നിച്ച് കൂടിയ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂര്‍. അതിനാല്‍ ഇവിടെ എത്താന്‍ കഴിയുന്നത് പോലും അതീവ പുണ്യമാണ്.

സതീദേവിയുടെ പിതാവായ ദക്ഷന്‍ ഭഗവാന്‍ ശിവനൊഴികെ എല്ലാവരെയും ക്ഷണിച്ച് സര്‍വൈശ്വര്യം നേടാന്‍ യാഗം നടത്തി.ക്ഷണിക്കാതെ അവിടെ എത്തിയ സതീദേവി തന്റെ ഭര്‍ത്താവായ പരമശിവനെ ദക്ഷന്‍ അവഹേളിച്ചതില്‍ വിഷമിച്ച് യാഗാഗ്‌നിയില്‍ ചാടി ജീവനൊടുക്കി.ഇതറിഞ്ഞ ഭഗവാന്‍ കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു.

അതില്‍ നിന്നും ജനിച്ച വീരഭദ്രന്‍ യാഗശാലയില്‍ ചെന്ന് ദക്ഷന്റെ ശിരസറുത്തു. പരിഭ്രാന്തരായ വിഷ്ണുവും ബ്രഹ്മാവും മറ്റു ദേവഗണങ്ങളും കൈലാസത്തിലെത്തി ഭഗവാനെ ശാന്തനാക്കി യാഗഭംഗത്തിന്റെ ഭവിഷ്യത്ത് അറിയിച്ചു. ഭഗവാന്റെ അനുവാദപ്രകാരം ബ്രഹ്മാവ് ദക്ഷനെ പുനര്‍ജീവിപ്പിച്ച് യാഗം മുഴുമിപ്പിച്ചു.

മഴക്കാലവും ഉത്സവവും തമ്മില്‍ നിരവധി ബന്ധമുണ്ട്. വൈശാഖോത്സവം മഴക്കാലത്താണ് നടക്കുന്നത്, ഇല്ലെങ്കില്‍ ഉത്സവമായാല്‍ മഴയെത്തിയിരിക്കും. പ്രദക്ഷിണ വഴിയില്‍ ജലത്തിന്റെ സാന്നിധ്യം അത്യാവശമാണ് ഇത്തരത്തില്‍ ആചാരപരമായ നിബന്ധനയുള്ള കേരളത്തിലെ ഒരേയൊരു ക്ഷേത്രം കൊട്ടിയൂര്‍ മാത്രമാണ്. യാഗങ്ങളാണ് ക്ഷേത്രത്തിലെ നിത്യപൂജകള്‍.

പരശുരാമനും ശങ്കരാചാര്യരും നിരവധി ഘട്ടങ്ങളിലായി ചിട്ടപ്പെടുത്തിയ യാഗങ്ങള്‍ക്ക് പ്രധാനമായും ഏഴ് അംഗങ്ങളും നാല് ഉപാംഗങ്ങളുമാണ് ഉള്ളത്.

കൂടാതെ ചില സവിശേഷ ചടങ്ങുകളുമുണ്ട്. പ്രക്കൂഴം, നീരെഴുന്നെള്ളത്ത്, നെയ്യാട്ടം, ഭണ്ഡാരമെഴുന്നെള്ളത്ത്, ഇളനീരാട്ടം, കലം വരവ്, കലശാട്ടം എന്നിവയാണ് അംഗങ്ങള്‍. തിരുവോണം, രേവതി, അഷ്ടമി, രോഹിണി എന്നീ നാളുകളില്‍ വിശേഷപൂജകളോടുകൂടിയ ആരാധനകളാണ് നടക്കുന്നത്.

ഈ ആരാധനകളാണ് അറിയപ്പെടുന്നത് ഉപാംഗങ്ങള്‍ എന്നറിയപ്പെടുന്നത്. വിശാഖം നാളിലെ ഭണ്ഡാരം എഴുന്നെള്ളത്തിനുമുമ്പും മകം നാള്‍ ഉച്ച ശീവേലിക്ക് ശേഷവും സ്ത്രീകള്‍ക്ക് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

വൈശാഖ മഹോത്സവവേളയില്‍ കൊട്ടിയൂരില്‍ ദര്‍ശനം നടത്തി മടങ്ങുന്നവര്‍ ഭക്ത്യാദരപൂര്‍വ്വം പ്രസാദമായി കൊണ്ടുപോകുന്ന ഓടപ്പൂവിനും ദക്ഷയാഗചരിതവുമായി ബന്ധമുണ്ട്. വിരഭദ്രന്‍ യാഗശാലയില്‍ ചെന്ന് ദക്ഷന്റെ താടി (ദീക്ഷ) പറിച്ചെറിഞ്ഞ ശേഷമാണ് തലയറുത്തത്.

ദീക്ഷ വീരഭദ്രന്‍ കാറ്റില്‍ പറത്തി. ഈ ദീക്ഷയത്രെ ഓടപ്പൂക്കള്‍ പ്രതിനിധാനം ചെയ്യുന്നത്. പൂമുഖത്തും പൂജാമുറിയിലും വാഹനങ്ങളിലുമെല്ലാം ഈ ഓടപ്പൂക്കള്‍ തൂക്കിയിടുന്നത് സര്‍വ്വൈശ്വര്യം പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.