കുവൈത്ത് വിമാനത്താവളത്തില്‍ ബാഗേജ് പരിശോധന ഇനി സ്മാര്‍ട്ട്

കുവൈത്ത് വിമാനത്താവളത്തില്‍ ബാഗേജ് പരിശോധിക്കുന്നതിനു നൂതന സ്മാര്‍ട്ട് ഉപകരണങ്ങള്‍ സ്ഥാപിച്ചതായി വിമാനത്താവളം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഫഹദ് സുലൈമാന്‍ അല്‍ വഖയാന്‍ അറിയിച്ചു.

മണിക്കൂറില്‍ 1000 ബാഗേജുകള്‍ പരിശോധിക്കാന്‍ ശേഷിയുള്ള മൂന്ന് ഉപകരണങ്ങളാണു സ്ഥാപിച്ചിട്ടുള്ളത്. അവയില്‍ രണ്ടെണ്ണം ഈ ആഴ്ച പ്രവര്‍ത്തിച്ചുതുടങ്ങും. മൂന്നാമത്തേതു റിസര്‍വ് ആയാകും കൈകാര്യം ചെയ്യുക. യാത്രക്കാര്‍ പുറപ്പെടുന്ന മേഖലയില്‍ ആറു കണ്‍വെയര്‍ ബെല്‍റ്റുകള്‍ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.

ഈ വേനലില്‍ കുവൈത്ത് വിമാനത്താവളത്തില്‍ 12 ദശലക്ഷം യാത്രക്കാരുടെ ബഗേജുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.