എഗ്മൂറിൽ നിന്നു താംബരത്തേക്ക് പൈതൃക യാത്ര പോകാം

രാജ്യത്തെ ഏറ്റവും പഴക്കമുള്ള സ്റ്റീം ലോക്കോമോട്ടീവായ ഇ.ഐ.ആർ– 21 ഉപയോഗിച്ച് എഗ്മൂറിൽ നിന്നു താംബരത്തേക്കുള്ള പൈതൃക ട്രെയിൻ യാത്രയ്ക്ക് ഉടൻ തുടക്കമാകും. വേനലവധിക്കാലം കൂടി കണക്കിലെടുത്താണു യാത്രയ്ക്കു ദക്ഷിണ റെയിൽവേ തുടക്കമിടുന്നത്.

നിലവിൽ വിശേഷ അവസരങ്ങളിൽ പ്രദർശനത്തിനു മാത്രമായാണ് ഇ.ഐ.ആർ 21 എൻജിൻ ഓടിക്കാറുള്ളത്. പൈതൃക ട്രെയിനിൽ രണ്ടു കോച്ചുകളുണ്ടാകും. ഓരോ കോച്ചിലും 20 പേർക്കു യാത്ര ചെയ്യാനാകും. സർവീസ് ആരംഭിക്കുന്നതിന്‍റെ ഭാഗമായി ഇ.ഐ.ആർ-21 പെരമ്പൂർ ലോക്കോ വർ‌ക്‌ഷോപ്പിൽ മിനുക്കു പണികളിലാണ്.

പൈതൃക ട്രെയിൻ യാത്രയ്ക്കു മുതിർന്നവർക്കു 750 രൂപയും കുട്ടികൾക്കു 600 രൂപയുമായിരിക്കും നിരക്ക്. വരുമാന സമാഹരണത്തിന്‍റെ ഭാഗമായി പൈതൃക സർവീസുകൾ തുടങ്ങാൻ റെയിൽവേ ബോർഡ് ചെയർമാനായി സ്ഥാനമേറ്റയുടൻ അശ്വനി ലൊഹാനി എല്ലാ മേഖലാ റെയിൽവേകൾക്കും നിർദേശം നൽകിയിരുന്നു.