Tag: zoo aquarium

തിരുവനന്തപുരം മൃഗശാലയിൽ അക്വേറിയം ഒരുങ്ങി

കടലിലെയും കായലിലെയും മത്സ്യങ്ങളെ അടുത്തു കാണാന്‍ തിരുവനന്തപുരം മൃഗശാലയില്‍ സൗകര്യമൊരുങ്ങുന്നു. നവീകരിച്ച അക്വേറിയത്തിലാണ് ഇവയെ പ്രദര്‍ശിപ്പിക്കുന്നത്. കരിമീന്‍, കടല്‍ മീനുകളായ പാകിസ്ഥാനി, ചിത്രശലഭ മീന്‍, റക്കൂണ്‍, എയ്ഞ്ചല്‍ മീനിന്‍റെ വിവിധ വകഭേദങ്ങള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ട്. ശുദ്ധജല മീനുകളായ ഗോള്‍ഡ് ഫിഷിന്‍റെ ഇനങ്ങളായ ടെലിസ്‌കോപ്, റാഞ്ചു, കോമറ്റ് തുടങ്ങിയ വിവിധയിനങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൊഞ്ച് വര്‍ഗത്തിലെ വിവിധയിനങ്ങള്‍, ശുദ്ധജല മത്സ്യങ്ങളായ പൂച്ച മീന്‍, ചുവന്ന വാലുള്ള പൂച്ച മീന്‍, മുയല്‍ മീന്‍ ഇങ്ങനെയുള്ള അപൂര്‍വ്വ മത്സ്യങ്ങളുടെ പ്രദര്‍ശനവും ഒരുക്കുന്നുണ്ട്. കൂടാതെ മത്സ്യങ്ങള്‍ക്ക് വേണ്ടി ആവശ്യമായ പവിഴപ്പുറ്റുകള്‍, പായലുകള്‍ എന്നിവയും ടാങ്കിലൊരുക്കുന്നുണ്ട്. 21 ടാങ്കുകളിലാണ് മത്സ്യ ഇനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. കേന്ദ്ര മൃഗശാല അതോറിറ്റിയൂടെ നിര്‍ദേശപ്രകാരമാണ് പഴയ പാമ്പിന്‍ കൂട്ടില്‍ അക്വേറിയം സജ്ജമാക്കിയത്. ഒരു കോടി 70 ലക്ഷമാണ് ആകെ ചെലവ്.