Tag: shabarimala tourism

ശബരിമല ഇടത്താവളം ചെങ്ങന്നൂരില്‍

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശബരിമല ഇടത്താവള സമുച്ചയം നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിശ്രമസ്ഥലം, പ്രാഥമികാവശ്യ സൗകര്യങ്ങള്‍, ഭക്ഷണശാലകള്‍, അന്നദാനം ഒരുക്കാനും നല്‍കാനുമുള്ള സൗകര്യങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, പെട്രോള്‍-ഡീസല്‍ പമ്പുകള്‍, എ.ടി.എം, ഡോര്‍മെട്രികള്‍  തുടങ്ങിയവ ഇടത്താവള സമുച്ചയത്തില്‍  ഉണ്ടാകുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു. 10 കോടി മുതല്‍മുടക്കില്‍ മൂന്നു നിലകളുള്ള സമുച്ചയത്തില്‍ 500 പേര്‍ക്ക് ഒരേ സമയം അന്നദാനം നല്‍കുന്നതിനും 600 പേര്‍ക്ക് വിശ്രമിക്കുന്നതിനും സൗകര്യമുണ്ടാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായുണ്ടാക്കിയ കരാറിന്‍റെ അടിസ്ഥാനത്തില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് കെട്ടിടം നിര്‍മ്മിക്കുക. ശബരിമല തീര്‍ത്ഥാടകര്‍ ധാരാളമായെത്തുന്ന ചെങ്ങന്നൂരില്‍ ഇടത്താവള സമുച്ചയം നിര്‍മിക്കണമെന്ന് അന്തരിച്ച എം.എല്‍.എ കെ കെ രാമചന്ദ്രന്‍ നായര്‍ നിവേദനം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അടുത്ത ശബരിമല തീര്‍ത്ഥാടന കാലത്തിന് മുമ്പ് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ഇടത്താവളം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.