Tag: rain thunder and wind in kerala

ഇടിയോടു കൂടിയ കനത്ത മഴ; 20 സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം

അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റും ഇടിയോടും മിന്നലോടും കൂടിയ ശക്തമായ മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഒഡീഷ, ജാർഖണ്ഡ്, ബിഹാർ, ഹരിയാന, ചണ്ഡിഗഢ്, ഡൽഹി, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര, കേരളം, ബംഗാൾ, സിക്കിം, പഞ്ചാബ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശമുണ്ട്. ബുധനാഴ്ചയുണ്ടായ കനത്ത പൊടിക്കാറ്റിൽ 73 പേർ കൊല്ലപ്പെട്ട ഉത്തർപ്രദേശിൽ ശക്തമായ മഴയും കാറ്റുമുണ്ടാകും. സംസ്ഥാനത്തിന്‍റെ പടിഞ്ഞാറൻ മേഖലകൾ കേന്ദ്രീകരിച്ചായിരിക്കുമിത്. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഇടിയോടും മിന്നലോടും കൂടിയ കൊടുങ്കാറ്റുണ്ടാകാൻ സാധ്യതയുണ്ട്. മുന്നറിയിപ്പിനെ തുടർന്ന് ഹരിയാനയില്‍ ഇന്നും നാളെയും സർക്കാർ, സ്വകാര്യ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പൊടിക്കാറ്റിനെയും കൊടുങ്കാറ്റിനെയും നേരിടാനുള്ള സുരക്ഷാ മാർഗങ്ങൾ ഹരിയാന റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് ഡിപ്പാർട്ട്മെന്‍റ് മുന്നറിയിപ്പായി നൽകിയിട്ടുണ്ട്.

കേരളത്തില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും മഴക്കും സാധ്യത

കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളില്‍ നാളെ  മുതല്‍ ഏഴുവരെ ശക്തമായ കാറ്റിനും ഇടിമിന്നലിനും മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളം, പശ്ചിമബംഗാള്‍, അസം,മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഒറീസ, കർണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്. ഉത്തരേന്ത്യയില്‍ ശക്തമായ പൊടിക്കാറ്റും മഴയും വരും ദിവസങ്ങളില്‍ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാണ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ പൊടിക്കാറ്റിലും പേമാരിയിലും നൂറിലധികം ആളുകള്‍ മരിക്കുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.