Tag: keralaboatraceleague

ടൂറിസം മേഖലക്ക് കരുത്തേകുന്ന ബജറ്റ് : മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ടൂറിസം മേഖലക്ക് പ്രോത്സാഹനം നല്‍കുന്ന ബജറ്റാണ് ധനമന്ത്രി തോമസ്‌ ഐസക് അവതരിപ്പിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. മുസിരിസ് അടക്കം പൈതൃക സംരക്ഷണ പദ്ധതികള്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കും. പ്രചാരണത്തിന് അടക്കം മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ തുക നീക്കിവെച്ചിട്ടുണ്ട്. മലബാറിലെ ടൂറിസം മേഖലക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. കേരളം മുന്നോട്ടു വെയ്ക്കുന്ന വള്ളംകളി ലീഗും വിനോദ സഞ്ചാരികള്‍ക്ക് വിരുന്നാകും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുമെന്നും ഇതിനു ബജറ്റില്‍ പണം നീക്കിവെച്ചിട്ടുണ്ടെന്നും ടൂറിസം മന്ത്രി പറഞ്ഞു.

വരുന്നു വള്ളംകളി ലീഗ് : കെബിഎല്‍ എങ്ങനെ? എപ്പോള്‍?

ഐപിഎല്ലും ഐഎസ്എല്ലും കായികപ്രേമികളില്‍ ആവേശം വിതറുമ്പോള്‍ വള്ളംകളി പ്രേമികള്‍ക്കായി ഇതാ വരുന്നു കെബിഎല്‍.കേരള ബോട്ട് റേസ് ലീഗിന് സംസ്ഥാന ബജറ്റില്‍ പത്തുകോടി രൂപ നീക്കിവെച്ചു.ഇതോടെ എന്താണ് വള്ളംകളി ലീഗ് എന്ന ചോദ്യവും ഉയര്‍ന്നു തുടങ്ങി. എന്താണ് കെബിഎല്‍? നെഹ്‌റു ട്രോഫി ഒഴികെ ഏഴ് പ്രാദേശിക ലീഗ് മത്സരങ്ങള്‍ ഉണ്ടാകും. നെഹ്‌റു ട്രോഫിയില്‍ ഒന്ന് മുതല്‍ ഒമ്പത് വരെ സ്ഥാനങ്ങളില്‍ എത്തുന്ന വള്ളങ്ങള്‍ കെബിഎല്ലിന് യോഗ്യത നേടും.എല്ലാ ടീമുകളുടെയും നാട്ടില്‍ മത്സരങ്ങളുണ്ടാകും.ലീഗ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന മൂന്നു ടീമുകള്‍ ഫൈനലില്‍ മാറ്റുരക്കും. മത്സരങ്ങള്‍ എവിടൊക്കെ? ആലപ്പുഴ,കൊല്ലം,എറണാകുളം,തൃശൂര്‍,കോട്ടയം,പത്തനംതിട്ട എന്നിവിടങ്ങളില്‍ മത്സരമുണ്ടാകും. ഒരു മാസമാണ് മത്സര കാലയളവ്. ടീം എങ്ങനെ? ഓരോ വള്ളത്തിലും തുഴയുന്ന മൊത്തം ആളുകളില്‍ 25ശതമാനം പേര്‍ മാത്രമേ ഇതര സംസ്ഥാനങ്ങളില്‍ നിന്നുണ്ടാകാവൂ.ഐപിഎല്‍ മാതൃകയില്‍ വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ ടീമിനെ ഏറ്റെടുക്കാം. തുടക്കം എപ്പോള്‍ ? ഓഗസ്റ്റ് 12നു നെഹ്‌റു ട്രോഫിയോടെ കെബിഎല്ലിന് തുടക്കമാകും.