Tag: Kerala government

നാളെ മദ്യമില്ല

ജൂൺ 26നു കേരളത്തിൽ മദ്യമില്ല. ലോക ലഹരി വിരുദ്ധ ദിനമായതിനാലാണ് തീരുമാനം. ബിവറേജസ് ഔട്ട്‌ലെറ്റുകളും കള്ളുഷാപ്പുകളും ബാറുകളും ഉള്‍പ്പടെയുള്ള എല്ലാ മദ്യശാലകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ 1987 മുതലാണ് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിക്കാന്‍ ആരംഭിച്ചത്. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ആരോഗ്യകരമായ സമൂഹത്തിന്റെ നിലനില്‍പ്പ് ഉറപ്പു വരുത്തുക എന്നിവയാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. യുവതലമുറയാണ് കൂടുതലായി ലഹരി വസ്തുക്കള്‍ക്ക് അടിമകളാകുന്നതെന്നും അതിനാല്‍ സ്‌കൂളുകളെയും ക്യാമ്പസുകളെയും കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവത്കരണം നടത്തണമെന്നുമാണ് ഐക്യരാഷ്ട്രസഭ നിര്‍ദ്ദേശിക്കുന്നത്.  

നോക്കി നിന്നാല്‍ ഇനിയില്ല കൂലി

തൊഴിലാളി ദിനം ആഘോഷിച്ച് കേരള സര്‍ക്കാര്‍. ഇന്നു മുതല്‍ സംസ്ഥാനത്ത് നോക്കു കൂലി സമ്പ്രദായം ഇല്ല. ഇതു സംബന്ധിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. നോക്കുകൂലി ഒഴിവാക്കാന്‍ കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതി കഴിഞ്ഞ ദിവസം ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു. ചുമട്ടുതൊഴിലാളി നിയമത്തിലെ ഒന്‍പതാം വകുപ്പിലെ ഒന്ന്, രണ്ട് ഉപവകുപ്പുകളാണു ഭേദഗതി ചെയ്തത്. ചെയ്യാത്ത ജോലിക്കു കൂലി ആവശ്യപ്പെടുന്നതുള്‍പ്പെടെ കേരളത്തിലെ ചുമട്ടുതൊഴില്‍മേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യപ്രവണതകള്‍ അവസാനിപ്പിക്കാനും മെച്ചപ്പെട്ട തൊഴില്‍ സംസ്‌കാരം പ്രാവര്‍ത്തികമാക്കാനും ലക്ഷ്യമിട്ടാണ് ഉത്തരവ്. തൊഴില്‍മേഖലകളില്‍ ചില യൂണിയനുകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്നതിന് അവകാശമുന്നയിക്കുന്നതും അവസാനിപ്പിക്കും. ചെയ്യാത്ത ജോലിക്കു കൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും നിയമവിരുദ്ധമായി കണക്കാക്കി നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മാര്‍ച്ച് എട്ടിനു നടന്ന ട്രേഡ്യൂണിയന്‍ ഭാരവാഹികളുമായുള്ള ചര്‍ച്ചയുടെ കൂടി അടിസ്ഥാനത്തിലാണു തൊഴില്‍വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. അമിതകൂലി ആവശ്യപ്പെടുന്നതും ചെയ്യാത്ത ജോലിക്കു കൂലി ആവശ്യപ്പെടുന്നതും അടക്കമുള്ള പ്രവണതകള്‍ സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനു വിഘാതമാകുന്നതായി വിലയിരുത്തപ്പെട്ട സാഹചര്യത്തിലാണു തീരുമാനം. നോക്കുകൂലി വാങ്ങിയാല്‍ ജാമ്യമില്ലാക്കുറ്റം ... Read more

കേരള സര്‍ക്കാറിന്റെ ആഡംബര കപ്പല്‍ വരുന്നു

ആഡംബര കപ്പല്‍ യാത്ര എല്ലാവര്‍ക്കും ഒരു സ്വപ്‌നമാണ്. എന്നാല്‍ ആ സ്വപ്‌നം ഇനി സത്യമാകാന്‍ പോകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആഡംബരക്കപ്പല്‍ മേയില്‍ നീറ്റിലിറങ്ങുന്നതോടെ കേരളത്തീരത്തിലൂടെ സുഗമമായി കടല്‍ യാത്ര നടത്താം. തുടര്‍ച്ചയായി 12 മണിക്കൂര്‍ കപ്പല്‍യാത്രയ്ക്കുള്ള അവസരമാണൊരുക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് വിനോദത്തിനായുള്ള സമുദ്രപര്യടനത്തിന് ഇത്രയും ചെലവുള്ള ആഡംബരക്കപ്പല്‍ നിര്‍മിക്കുന്നത്. കേരള ഷിപ്പിങ്ങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്റെ നിര്‍മ്മാണ ചുമതലയിലുള്ള കപ്പല്‍ ഗോവയില്‍ അവസാനഘട്ട മിനുക്ക് പണിയിലാണ്. കപ്പലിന്റെ യാത്രാറൂട്ട്, ടിക്കറ്റ് നിരക്ക് എന്നിവയൊന്നും തീരുമാനിച്ചിട്ടില്ല. കടലിന്റെ ഭംഗി ആസ്വദിക്കുന്നതിനൊപ്പം മറ്റു വിനോദങ്ങളും കപ്പലിലുണ്ടാവുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരേ സമയം 200 പേര്‍ക്ക് യാത്ര ചെയ്യാവുന്ന് കപ്പലിന് മൂന്ന് നിലകള്‍ ഉണ്ട്. ശീതികരിച്ച ഓഡിറ്റോറിയം, മിനി കോണ്‍ഫറന്‍സ് ഹാള്‍, റെസ്റ്റോറന്റ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, മീഡിയ റൂം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍ ഉണ്ട് കപ്പലില്‍. ബേപ്പൂര്‍പോലുള്ള ചെറിയ തുറമുഖങ്ങളില്‍ അടുപ്പിക്കാന്‍പറ്റും. എന്നാല്‍, യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യങ്ങള്‍ തുറമുഖത്തുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്.