Tag: പമ്പ

കുമളി ഡിപ്പോയിലേക്ക് 10 മണ്ഡലകാല സ്‌പെഷ്യല്‍ ബസുകള്‍ അനുവദിച്ചു

ശബരിമല മണ്ഡലകാലത്ത് തീര്‍ഥാടകരുടെ യാത്രാസൗകര്യത്തിനായി 10 കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കുമളി ഡിപ്പോയ്ക്ക് അനുവദിച്ചു. കുമളിയില്‍ നിന്ന് പമ്പയിലേക്ക് സ്‌പെഷ്യല്‍ സര്‍വീസ് എന്ന പേരിലാണ് ബസുകള്‍ ഓടുക. നവംബര്‍ 17 മുതലാണ് ഈ സര്‍വീസുകള്‍ ആരംഭിക്കുക. തമിഴ്‌നാട്, കര്‍ണാടക തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തുന്നവര്‍ക്കും പ്രാദേശിക തീര്‍ഥാടകര്‍ക്കും പ്രയോജനമാണ് ശബരിമല സ്‌പെഷ്യല്‍ സര്‍വീസുകള്‍. തീര്‍ഥാടകരുടെ തിരക്കനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ കുമളിയില്‍നിന്ന് ആരംഭിക്കുവാനും കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ശബരിമല സീസണിലും സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തിയിരുന്നു. ഇതിന് മികച്ച കളക്ഷന്‍ ലഭിച്ചിരുന്നു. ഇതിനുപുറമേ മകരവിളക്ക് ദിവസവും കുമളി-കോഴിക്കാനം സ്‌പെഷ്യല്‍ സര്‍വീസ് കെ.എസ്.ആര്‍.ടി.സി. നടത്തുന്നുണ്ട്. കഴിഞ്ഞ മകരവിളക്കുദിവസം മാത്രം രണ്ടുലക്ഷത്തോളം രൂപയുടെ വരുമാനമാണ് കെ.എസ്.ആര്‍.ടി.സി.ക്കു ലഭിച്ചത്. ശബരിമല മണ്ഡലകാല ഒരുക്കങ്ങള്‍ക്കായി കഴിഞ്ഞ ദിവസം പഞ്ചായത്തുകള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം ജില്ലാ ഭരണകൂടം അനുവദിച്ചിരുന്നു. തീര്‍ഥാടന കാലയളവില്‍ അയ്യപ്പഭക്തര്‍ കൂടുതലെത്തുന്ന പെരുവന്താനം, പീരുമേട്, വണ്ടിപ്പെരിയാര്‍, കുമളി പഞ്ചായത്തുകള്‍ക്കാണ് തുക അനുവദിച്ചത്.

പമ്പയെ സംരക്ഷിക്കാൻ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കും: അൽഫോൺസ് കണ്ണന്താനം

പ്രളയത്തിൽ നശിക്കപ്പെട്ട പമ്പയിലെ ത്രിവേണി സംഗമം കേന്ദ്ര ടൂറിസം സഹ മന്ത്രി അൽഫോൺസ് കണ്ണന്താനം സന്ദർശിക്കുകയും നാശനഷ്ടങ്ങൾ വിലയിരുത്തകയും ചെയ്തു. പ്രളയം നാശം വിതച്ച പമ്പയിലെ ത്രിവേണിയുടെ പുനർനിർമ്മാണം എത്രയും വേഗം ആരംഭിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പമ്പയെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ ശ്രമിക്കുമെന്നും മന്ത്രി കണ്ണന്താനം പറഞ്ഞു.

അയ്യപ്പഭക്തര്‍ ശബരിമലയാത്ര ഒഴിവാക്കണം: ഹൈക്കോടതി

പമ്പയിലെയും പരിസരപ്രദേശങ്ങളിലെയും നിലവിലെ പ്രതികൂല സാഹചര്യത്തില്‍ ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരുടെ യാത്ര സുരക്ഷിതമല്ലാത്തതിനാല്‍ ,ഭക്തരെ ഓണക്കാലത്തെ പൂജകള്‍ക്കായി ശബരിമലയിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം, ഭക്തര്‍ ഓണക്കാലത്ത് നടതുറക്കുന്ന അഞ്ച് ദിവസങ്ങളില്‍ ശബരിമലയിലേക്ക് എത്തേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.പമ്പാനദി ഗതിമാറി ഒഴുകുന്നതും പമ്പയിലെ പ്രധാന പാലങ്ങള്‍ തകര്‍ന്ന നിലയിലുമുള്ള സ്ഥിതിവിശേഷവുമാണ് ഇപ്പോഴത്തേത്. ആയതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തര്‍ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണം.എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഭക്തര്‍ ഹൈക്കോടതി ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ തയ്യാറാകണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു.ക്ഷേത്ര നട 23 ന് വൈകിട്ട് തുറന്ന് പതിവ് പൂജകള്‍ക്ക്‌ശേഷം 28 ന് രാത്രി ഹരിവരാസനം പാടി അടയ്ക്കും.