Tag: തൂക്കുപാലം

അലങ്കാര വിളക്കുകളുടെ ഭംഗിയില്‍ ഇനി പുനലൂര്‍ തൂക്കുപാലം

പുരാവസ്തുവകുപ്പിന്റെ സംരക്ഷിതസ്മാരകമായ പുനലൂര്‍ തൂക്കുപാലം സൗന്ദര്യവത്  കരിക്കുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി പാലത്തില്‍ അലങ്കാരവിളക്കുകള്‍ സ്ഥാപിക്കുന്ന ജോലി തുടങ്ങി. ഇനി പാലത്തിലെ രാത്രികാഴ്ച കൂടുതല്‍ ആകര്‍ഷകമാകും. പുരാവസ്തുവകുപ്പില്‍നിന്ന് അനുവദിച്ച 18.80 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തില്‍ അറ്റകുറ്റപ്പണികളും സൗന്ദര്യവത്കരണ പ്രവൃത്തികളും നടക്കുന്നത്. യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി പാലത്തിന്റെ ഇരുവശത്തെയും ഗര്‍ഡറുകളില്‍ ഇരുമ്പുവല സ്ഥാപിക്കല്‍, ചായംപൂശല്‍, പ്രവേശനകവാടത്തില്‍ തറയോട് പാകല്‍, ബഞ്ചുകള്‍ സ്ഥാപിക്കല്‍, പൊട്ടിയ നടപ്പലകകള്‍ മാറ്റല്‍ തുടങ്ങിയവയാണ് നവീകരണ ജോലികളില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ വശങ്ങളില്‍ ഇരുമ്പുവല സ്ഥാപിക്കുന്ന ജോലികള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. രാത്രി പാലത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നതിനാണ് അലങ്കാരവിളക്കുകള്‍ സ്ഥാപിക്കുന്നത്. ഇതിനായി ഫോക്കസ് ലൈറ്റുകളാണ് ഘടിപ്പിക്കുന്നത്. ഇരുകവാടങ്ങളിലും വശങ്ങളിലുമായി 40 ബള്‍ബുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ പ്രകാശസംവിധാനം. 1877-ല്‍ കല്ലടയാറിന്‍ കുറുകെ ബ്രിട്ടീഷ് എന്‍ജിനീയര്‍ ആര്‍ബര്‍ട്ട് ഹെന്‍ട്രിയുടെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പാലമാണിത്. ഏറെ വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടിരുന്ന പാലം മൂന്നുവര്‍ഷംമുന്‍പാണ് വിപുലമായി പുനരുദ്ധരിച്ചത്. ഒന്നേകാല്‍ കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.

തൂക്കുപാലത്തിന്‍റെ വികസനം തുലാസില്‍

പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകമായ പുനലൂർ തൂക്കുപാലത്തിൽ നടന്നുവന്ന അറ്റകുറ്റപ്പണികൾ നിലച്ചിട്ട് രണ്ടുമാസം. കൈവരികളിൽ ഇരുമ്പുവല സ്ഥാപിക്കുന്ന ജോലികൾ മാത്രമാണ് പൂർത്തിയായത്. കേടായ പലകകൾ മാറ്റിസ്ഥാപിക്കുന്നതടക്കമുള്ള ജോലികൾ ബാക്കിയാണ്. സന്ദർശകർ ഏറ്റവുമധികം എത്തുന്ന സീസണിലേക്ക്‌ പ്രവേശിക്കുമ്പോഴാണ് പണികൾ നിലച്ചത്. പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി 18.90 ലക്ഷം രൂപ പുരാവസ്തുവകുപ്പിൽനിന്ന്‌ അനുവദിച്ചിരുന്നു. കൈവരിയിൽ ഇരുമ്പുവല സ്ഥാപിക്കൽ, കമാനങ്ങൾ മിനുക്കൽ, ഉരുക്കു ഗർഡറുകളിൽ ചായം പൂശൽ, വൈദ്യുതീകരണം, സുരക്ഷാ ജീവനക്കാരുടെ കാബിന്റെ പൂർത്തീകരണം, പാലത്തിൽ പാകിയിട്ടുള്ള കമ്പകപ്പലകകളിൽ ദ്രവിച്ചവ മാറ്റിസ്ഥാപിക്കൽ തുടങ്ങിയവയായിരുന്നു പ്രവൃത്തികൾ. സുരക്ഷ മുൻനിർത്തി ഇരുമ്പുവല ഘടിപ്പിക്കുന്ന ജോലി ആദ്യം പൂർത്തിയാക്കുകയായിരുന്നു. ബാക്കി ജോലികളിൽ ഒന്നുപോലും ആരംഭിച്ചതുമില്ല. ചായംപൂശാതിരുന്നതിനാൽ സ്ഥാപിച്ച ഇരുമ്പുവല തുരുമ്പിച്ചുതുടങ്ങിയിട്ടുണ്ട്. പാലത്തിൽ പാകിയിട്ടുള്ള പലകകളിൽ പലതും ദ്രവിച്ചു. ബ്രിട്ടീഷ് എൻജിനീയർ ആൽബർട്ട് ഹെൻട്രിയുടെ മേൽനോട്ടത്തിൽ, കല്ലടയാറിന് കുറുകേ 1877-ലാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.

തൂക്കുപാലവും ജലക്കാഴ്ച്ചയും; അയ്യപ്പന്‍കോവിലില്‍ തിരക്കേറുന്നു

ഇടുക്കി ജലസംഭരിണിക്ക് കുറുകെയുള്ള അയ്യപ്പന്‍കോവില്‍ തൂക്കുപാലം കാണാന്‍ സഞ്ചാരികളുടെ തിരക്കേറുന്നു. ജില്ലയിലെ ഏറ്റവും വലിയ തൂക്കുപാലമാണ് അയ്യപ്പന്‍ കോവിലിലുള്ളത്. 2013ന് ശേഷം ജലനിരപ്പ് ഉയര്‍ന്നത് ഇത്തവണയാണ്. അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ എന്നീ സ്ഥലങ്ങളെ ഒന്നിപ്പിക്കുന്ന പാലമാണ് ഇത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തൂക്കുപാലത്തിന്റെ ഭംഗി ആസ്വദിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് വിനോദസഞ്ചാരികള്‍ എത്തുന്നത്. Pic Courtesy: Paravathy venugopal പതിറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റമേഖലയാണ് അയ്യപ്പന്‍കോവില്‍. പെരിയാറിന്റെ തീരത്തായി പുരാതന അയ്യപ്പക്ഷേത്രവുമുണ്ട്. ഈ ക്ഷേത്രം പൂഞ്ഞാര്‍ രാജവംശമാണ് നിര്‍മിച്ചത്. ആദ്യകാലത്ത് ആദിവാസികളുടെ നേതൃത്വത്തിലായിരുന്നു പൂജ. നൂറുകണക്കിന് തീര്‍ഥാടകര്‍ ദിവസവും ക്ഷേത്രദര്‍ശനത്തിനായി എത്തുന്നുണ്ട്. സംഭരണിയില്‍ ജലനിരപ്പുയര്‍ന്നതോടെ വള്ളത്തില്‍പോയി മാത്രമേ ക്ഷേത്രദര്‍ശനത്തിന് സാധിക്കൂ. വന്യജീവികളെ അടുത്തുകണ്ട് ജലാശയത്തില്‍ കൂടി വള്ളത്തിലുള്ള യാത്രയും സഞ്ചാരികളുടെ മനംകവരുന്നു. കോവില്‍മല രാജപുരിയിലേക്കും ഇതുവഴിപോകാം. കട്ടപ്പന കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിലെത്താം. കൂടാതെ സ്വരാജില്‍നിന്ന് പരമ്പരാഗത കാട്ടുപാതയിലൂടെയും പോകാം.