Tag: ഓട്ടോ

ഊബറില്‍ വിളിച്ചാല്‍ ഇനി ഓട്ടോയുമെത്തും

ഊബറില്‍ വിളിച്ചാല്‍ കാര്‍ മാത്രമല്ല, ഇനി ഓട്ടോയുമെത്തും. ഊബര്‍ ഓട്ടോ സര്‍വീസ് ഇന്നലെ മുതല്‍ നഗരത്തില്‍ ആരംഭിച്ചു. കാറിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഓട്ടോയില്‍ യാത്ര ചെയ്യാം. ആദ്യ രണ്ട് ട്രിപ്പുകളില്‍ 50 % ഇളവും ലഭിക്കും. ചാര്‍ജ് എത്രയാകുമെന്നു നേരത്തെ അറിയാമെന്നതിനാല്‍ ഡ്രൈവറുമായി തര്‍ക്കിക്കേണ്ട കാര്യവുമില്ല. ഓണ്‍ലൈനായും പണമടയ്ക്കാം. ദിവസങ്ങള്‍ക്ക് മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സേവനമാണ് ഇന്നലെ മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഓണ്‍ലൈനായി ഊബറിന്റെ ഭാഗമാകാം. നിരക്കു സംബന്ധിച്ചു കൂടുതല്‍ വ്യക്തതയായിട്ടില്ല. നിലവിലെ മീറ്റര്‍ ചാര്‍ജിലും താഴെയായിരിക്കുമോ എന്നാണു അറിയേണ്ടത്. തുടക്കമായതിനാല്‍ ഓട്ടോറിക്ഷകളുടെ എണ്ണവും പരിമിതമാണ്.

സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക് കൂട്ടി

സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് ഒന്നര കിലോമീറ്റര്‍ വരെ 25 രൂപയായും ടാക്സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 175 രൂപയായുമാണ് ഉയര്‍ത്തിയത്. നിലവില്‍ ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 1.25 കിലോമീറ്റര്‍ വരെ 20 രൂപയും ടാക്സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 150 രൂപയുമാണ്. മന്ത്രിസഭാ യോഗം നിരക്ക് വര്‍ധന അംഗീകരിച്ചു. മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം നിയമസഭയെ അറിയിക്കും. നാളത്തെ നിയമസഭാ സമ്മേളനത്തിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ഓട്ടോയ്ക്ക് മുപ്പതും ടാക്സിക്ക് 200 രൂപയും ആക്കാനായിരുന്നു ശുപാര്‍ശ.