Tag: അക്വേറിയം

കോഴിക്കോട് ഡി ടി പി സി അക്വേറിയം ഉടന്‍ തുറക്കും

മാസങ്ങളായി അടഞ്ഞുകിടക്കുന്ന ബീച്ചിലെ ഡി.ടി.പി.സി.യുടെ കാലിക്കറ്റ് അക്വേറിയം ഉടന്‍ പുനരാരംഭിക്കും. 24-നുശേഷം പുതിയ ടെന്‍ഡര്‍ വിളിച്ച് അക്വേറിയം തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബീച്ചിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു ലയണ്‍സ് പാര്‍ക്കിന്റെ വടക്കുഭാഗത്തുള്ള അക്വേറിയം. രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയായിരുന്നു പ്രവര്‍ത്തനസമയം. വിവിധയിനം അലങ്കാരമത്സ്യങ്ങളും ഒട്ടകപ്പക്ഷി അടക്കമുള്ള അപൂര്‍വ ഇനം പക്ഷികളും ഇവിടത്തെ പ്രത്യേകതകളായിരുന്നു. മുതിര്‍ന്നവര്‍ക്ക് 15-ഉം കുട്ടികള്‍ക്ക് അഞ്ചുമായിരുന്നു ടിക്കറ്റ് നിരക്ക്. ഡി.ടി.പി.സി.യില്‍നിന്ന് കരാറെടുത്ത് ഒരു സ്വകാര്യകമ്പനിയാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി അക്വേറിയം നടത്തിയിരുന്നത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലുണ്ടായ പ്രളയത്തിന്റെ സമയത്താണ് ഇത് അടച്ചിട്ടത്. വിനോദസഞ്ചാരികള്‍ കുറഞ്ഞതും ഇതിനുകാരണമായി. പിന്നീട് നടത്തിപ്പിന്റെ കരാര്‍ കാലാവധിയും കഴിഞ്ഞു. ഡി.ടി.പി.സി.യില്‍ സെക്രട്ടറിയില്ലാത്തതും തിരഞ്ഞെടുപ്പുചട്ടം വന്നതുമെല്ലാം പുതിയ ടെന്‍ഡര്‍ വിളിക്കുന്നത് പിന്നെയും വൈകിപ്പിച്ചു. പത്തുമാസത്തോളം അടഞ്ഞുകിടന്ന കെട്ടിടത്തിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഇതിന്റെ ഗേറ്റിന്റെ പലകമ്പികളും അടര്‍ത്തിമാറ്റിയ നിലയിലാണ്. കൂടാതെ, കെട്ടിടത്തിന്റെ കോമ്പൗണ്ടിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നുമുണ്ട്.

ശലഭയാത്രയിലൂടെ അവര്‍ കണ്ടു ലോകത്തിന്റെ നിറങ്ങള്‍

വൈകല്യങ്ങള്‍ ഒന്നിനും തടസമല്ല എന്ന് വീണ്ടും തെളിയ്ക്കുകയാണ് പാലക്കാട് കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. കുഴല്‍മന്ദം ബി ആര്‍ സിയുടെ നേതൃത്വത്തില്‍ ശലഭയാത്ര എന്ന പേരില്‍ കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 17 കുട്ടികളാണ് മലമ്പുഴ ഉദ്യനത്തില്‍ വിനോദയാത്രയ്ക്ക് എത്തിയത്. വീല്‍ചെയറിന്റെ പരിമിതിയില്‍ നിന്ന് അവര്‍ പ്രകൃതിയുടെ ഭംഗി ആസ്വദിച്ചത് പുതിയൊരു അനുഭവമായി മാറി. കുട്ടികളുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു ഈ യാത്ര. മലമ്പുഴ ഉദ്യാനം, സ്‌നേക്ക് പാര്‍ക്ക്, അക്വേറിയം, അണക്കെട്ട്, പാലക്കാട് കോട്ട തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. റിസോഴ്‌സ് അധ്യാപിക സജിനി നേതൃത്വം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബാബു പി. മാത്യു, പി.ടി.എ. പ്രസിഡന്റ് കെ.ടി. ദിലീപ് കുമാര്‍ എന്നിവരും കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നു.