അറിയാം കുറിഞ്ഞി വിശേഷം; ഇക്കൊല്ലം പൂവിട്ടത് ആറിനങ്ങള്‍

മൂന്നാര്‍ മലനിരകളിലെ നീല വസന്തത്തില്‍ പൂവിട്ടത് ആറ് ഇനത്തില്‍പ്പെട്ട നീലക്കുറിഞ്ഞികള്‍. ഒന്നു മുതല്‍ 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂവിടുന്ന നീലക്കുറിഞ്ഞികളാണ് ഇത്തവണ ഒന്നിച്ച് പൂവിട്ടത്. പ്രളയത്തിന് ശേഷം വീണ്ടും പൂവിട്ടു തുടങ്ങിയ കുറിഞ്ഞി വസന്തം കാണാനായി ആയിരക്കണക്കിന് ആളുകളാണെത്തുന്നത്.


450 ഇനം നീലക്കുറിഞ്ഞി ഇനങ്ങള്‍ തെക്കനേഷ്യയില്‍ മാത്രം കാണപ്പെടുന്നുണ്ട്. അതില്‍ ഇന്ത്യയില്‍ തന്നെയുണ്ട് 180ല്‍ പരം ഇനങ്ങള്‍. ഇതില്‍ 64 ഇനങ്ങള്‍ പശ്ചിമഘട്ടത്തിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ഒന്നില്‍ തുടങ്ങി 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന 47 ഇനങ്ങള്‍ മാത്രം മൂന്നാറില്‍ തന്നെയുണ്ട്. ഇരവികുളം ദേശീയോദ്യാനത്തില്‍ 20 തരം നീലക്കുറിഞ്ഞികള്‍ ഉള്ളതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒന്നു മുതല്‍ 60 വര്‍ഷം വരെയുള്ള ഇടവേളകളില്‍ പൂവിടുന്നവയാണ് ഇരവികുളത്തെ നീലക്കുറിഞ്ഞികള്‍. സ്‌ട്രോബിലാന്തസ് കുന്തിയാനസ് എന്ന പേരിലറിയപ്പെടുന്ന നീലക്കുറിഞ്ഞികളാണ് ഇപ്പോള്‍ വ്യാപകമായി പൂത്തത്.

ഇരവികുളം ദേശീയോദ്യാനത്തിലെ ഉള്‍വനങ്ങളിലെ ചോലകളിലാണ് ഭൂരിഭാഗവും വളരുന്നത്. അതിനാല്‍ ഇവ ചോലക്കുറിഞ്ഞികള്‍ എന്ന പേരിലും അറിയപ്പെടുന്നു.