തെരഞ്ഞെടുപ്പ് ചൂടകറ്റാൻ കർണാടക എംഎൽഎമാരെ കേരളത്തിലേക്ക് ക്ഷണിച്ച് ടൂറിസം വകുപ്പ്

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ തൂക്കു സഭയ്ക്കുള്ള സാധ്യത തെളിഞ്ഞ കര്‍ണാടകത്തിലെ എംഎല്‍എമാരെ കേരളത്തിലേക്ക് ക്ഷണിച്ച് കേരള ടൂറിസത്തിന്‍റെ ട്രോള്‍ ട്വീറ്റ്.

കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് എംഎല്‍എമാര്‍ക്ക് തങ്ങാന്‍ ഏറ്റവും സുരക്ഷിതവും മനോഹരവുമായ സ്ഥലം ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തിലുണ്ടെന്ന ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

ജയലളിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഭരണപ്രതിസന്ധിയ്ക്കിടെ തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയി റിസോട്ടില്‍ താമസിപ്പിച്ചിരുന്നു. ആ സംഭവത്തെ അനുസ്മരിച്ചാണ് കേരള ടൂറിസത്തിന്‍റെ ട്വീറ്റ്.

കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വരികയും ജെഡിഎസ് പിന്തുണയ്ക്കായി കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.