സഞ്ചാരികള്‍ക്ക് സ്വാഗതം പറഞ്ഞ് റാണിപുരം

റാണിപുരം വനമേഖലയിലെ വനപ്രവേശനത്തിനും ട്രെക്കിങ്ങിനും വനംവകുപ്പ് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയതായി പനത്തടി സെക്ഷന്‍ ഫോറസ്റ്റര്‍ കെ.മധുസൂദനന്‍ അറിയിച്ചു. ഞായറാഴ്ച മുതല്‍ റാണിപുരം സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും.

തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 13 മുതല്‍ റാണിപുരം വിനോദ സഞ്ചാരകേന്ദ്രം അടച്ചിട്ടിരുന്നു.

മലയോരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച മഴയില്‍ റാണിപുരം വനങ്ങളും പുല്‍മേടുകളും പച്ചപ്പണിഞ്ഞ സാഹചര്യത്തില്‍ കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നില്ലെന്ന് വനംവകുപ്പ് കാഞ്ഞങ്ങാട് റേഞ്ച് ഓഫിസര്‍ സുധീര്‍ നെരോത്ത് ഉന്നതാധികാരികള്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച മുതല്‍ റാണിപുരം വനത്തിനകത്തേക്കുള്ള പ്രവേശനാനുമതിയായത്.

കാട്ടുതീ ഭീഷണി ഇല്ലാത്ത സാഹചര്യത്തില്‍, കേരളത്തിലെ ഊട്ടിയെന്നറിയപ്പെടുന്ന റാണിപുരം സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കണമെന്ന് റാണിപുരം വനസംരക്ഷണ സമിതി വാര്‍ഷിക പൊതുയോഗവും അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

നിരോധനം അറിയാതെ ദൂരസ്ഥലങ്ങളില്‍ നിന്നും നിരവധി പേരാണ് ഇപ്പോഴും റാണിപുരത്തെത്തുന്നത്.