ചക്ക; കേരളത്തിന്‍റെ ഔദ്യോഗിക ഫലം

ചക്ക ഇന്നു മുതല്‍ കേരളത്തിന്‍റെ ഔദ്യോഗിക ഫലം. കൃഷി മന്ത്രി വി എസ് സുനിൽകുമാറാണ് നിയമസഭയില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ചക്കയുടെ ഉൽപ്പാദനവും വിൽപ്പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 30 കോടി മുതൽ 60 കോടി വരെ ചക്ക കേരളത്തിൽ ഉദ്പാദിപ്പിക്കുന്നുണ്ടെന്നും വാണിജ്യപരമായി ചക്കയെ ഉപയോഗപ്പെടുത്തിയാൽ 30000 കോടി രൂപയുടെ വരുമാനം ഉണ്ടാക്കാമെന്നും വി എസ് സുനിൽകുമാർ കൂട്ടിച്ചേര്‍ത്തു.

ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ കേരള ബ്രാൻഡ് ചക്കയെ ലോക വിപണിയിൽ അവതരിപ്പിക്കാനാണ് സംസ്ഥാന സർക്കാറിന്‍റെ നീക്കം. ചക്കയിൽ നിന്നും അനുബന്ധ ഉൽപന്നങ്ങളിൽ നിന്നും പ്രതിവര്‍ഷം 1500 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 32 കോടി ചക്ക ഉൽപ്പാദിപ്പിക്കപ്പെടുന്ന കേരളത്തിൽ വര്‍ഷം തോറും നശിക്കുന്നത് 600 കോടി രൂപയുടെ (30 ശതമാനം) ചക്കയാണെന്നാണ് കണക്ക്.

എന്നാൽ, ചക്ക ഉണ്ടാവാത്ത അമേരിക്ക, ഗള്‍ഫ് പോലെയുള്ള രാജ്യങ്ങളില്‍ ഇവയ്ക്ക് പ്രിയമേറിവരികയാണ്. ഈ സാഹചര്യത്തില്‍ സംസ്കരണ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി ചക്കയില്‍ നിന്ന് ലാഭം കണ്ടെത്താനുളള ഒരുക്കത്തിലാണ് സര്‍ക്കാര്‍. മറ്റു സംസ്ഥാനങ്ങളില്‍ ഉളളതിനേക്കാള്‍ ഗുണമേൻമ കേരളത്തിലെ ചക്കകള്‍ക്കുണ്ട്. ചക്കയെ ഔദ്യോഗിക ഫലമാക്കുന്നതിലൂടെ സംസ്ഥാനത്ത് പ്ലാവ് നടീലും വർധിക്കുമെന്നാണു പ്രതീക്ഷ. പ്ലാവ് കൃഷി വികസിപ്പിക്കുന്നതിനു പരമാവധി പേർക്ക് തൈവിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

ചക്ക ഗവേഷണത്തിനായി വയനാട് അമ്പലവയലിൽ കൃഷിവകുപ്പിന്‍റെ ഗവേഷണ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. എല്ലാ വർഷവും സർക്കാർ തലത്തിൽ ചക്ക മഹോത്സവവും നടത്തുന്നുണ്ട്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയോഗപ്രദമാണ്. ചക്കമടൽ, ചക്കച്ചുള, ചക്കചകിണി, ചക്കക്കുരു ഏതു ഭാഗമെടുത്താലും രുചികരവും ആദായകരവുമായ വിഭവങ്ങൾ ഉണ്ടാക്കാം.