തേനി കാട്ടുതീ: മരണസംഖ്യ ഉയര്‍ന്നേക്കും

കുമളി : കേരള-തമിഴ്നാട് അതിർത്തിയിൽ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയിൽ 11 പേർ കൊല്ലപ്പെട്ടു. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകള്‍. ഒമ്പതു പേരുടെ മരണം ജില്ലാ ഭരണകൂടം സ്ഥിതീകരിച്ചു. മരണ സംഖ്യ ഉയര്‍ന്നേക്കും.ഗുരുതര പൊള്ളലേറ്റാണു മരണമെന്നു തേനി ഡിവൈഎസ്പി അറിയിച്ചു.

ഇതുവരെ 27 പേരെ കാട്ടുതീയിൽ നിന്നു രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരില്‍ കോട്ടയം സ്വദേശിനിയും. നാല് പേരുടെ നില അതീവ ഗുരുതരമെന്ന് രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. ഏഴു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.   പരിക്കേറ്റവരെ തേനി, മധുര മെഡിക്കല്‍ കോളേജുകളിലേയ്ക്കു മാറ്റി. പലരുടെയും നില ഗുരുതരമാണ്.

വ്യോമസേനയുടെ നാലു ഹെലികോപ്റ്ററുകൾ സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ഒപ്പം 10 കമാൻഡോകളും മെഡിക്കൽ സംഘവും അപകട സ്ഥലത്തുണ്ട്.. കാട്ടിൽ കുടുങ്ങിയവരെ രക്ഷിക്കാനാണു കമാൻഡോ സംഘം. ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ മണ്ഡലത്തിലാണ് അപകടമുണ്ടായിരിക്കുന്നത്. പനീർസെൽവവും മന്ത്രി ഡിണ്ടിഗൽ ശ്രീനിവാസനും സംഭവസ്ഥലത്തെത്തി.


അപകടത്തില്‍ പെട്ടത് ചെന്നൈയില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ്. ആകെയുള്ള 38 പേരില്‍ എട്ടു പുരുഷന്മാരും 26 സ്ത്രീകളും മൂന്നു കുട്ടികളും ഉണ്ടായിരുന്നതായും തേനി കലക്ടർ പല്ലവി പൽദേവ് പറഞ്ഞു. തമിഴ്നാട്ടിലെ ബോഡിനായ്ക്കനൂർ വഴി രാവിലെ കൊരങ്ങിണിയിൽ എത്തിയ യാത്രാസംഘം, രണ്ടായി തിരിഞ്ഞാണു പുറപ്പെട്ടത്.

കൊടൈക്കനാൽ–കൊളുക്കുമല വഴി കൊരങ്ങിണി വനമേഖലയിലേക്ക് ഒരു സംഘം പോയപ്പോൾ, മറു സംഘം എതിർദിശയിലാണു യാത്ര ചെയ്തത്. ഉച്ച കഴിഞ്ഞു മൂന്നോടെയാണു കാട്ടുതീ പടർന്നത്. കാട്ടുതീയെത്തുടർന്ന് സംഘാംഗങ്ങളെല്ലാം ചിതറിയോടുകയായിരുന്നു. ട്രക്കിങ് പാതയിൽ നിന്നു മാറിയവരാണ് അപകടത്തിൽപ്പെട്ടതെന്നറിയുന്നു.