Tag: trekking banned

സംസ്ഥാനത്തെ വനങ്ങളില്‍ ട്രെക്കിംഗ് നിരോധിച്ചു: വനമേഖലകളില്‍ വിനോദ സഞ്ചാരത്തിനും നിയന്ത്രണം

സംസ്ഥാനത്തെ വനങ്ങളില്‍ ട്രെക്കിംഗ് നിരോധിച്ചു. വന്യജീവി സങ്കേതങ്ങളിലാണ് ട്രെക്കിംഗ് താല്‍കാലികമായി നിരോധിച്ചത്.  തേനി ദുരന്തത്തിന്‍റെ പാശ്ചാത്തലത്തിലാണ് നടപടി.ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. വനമേഖലകളിലെ വിനോദ സഞ്ചാരത്തിനും നിയന്ത്രണമുണ്ട്‌. വനംവകുപ്പിന്‍റെ അനുമതിയില്ലാതെ ട്രെക്കിംഗ് നടത്തിയവരാണ് തേനിയില്‍ അപകടത്തില്‍പ്പെട്ടതെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ പല ഭാഗങ്ങളിലും കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തതും നടപടിക്ക് കാരണമായി. വേനലായതോടെ വനങ്ങളിലും കൊടും ചൂടായിട്ടുണ്ട്.  കാട്ടുതീ പടരാനുള്ള സാധ്യത, വന്യ മൃഗങ്ങള്‍ ജലാശയങ്ങള്‍ തേടി പതിവ് കേന്ദ്രങ്ങളില്‍ നിന്ന് പുറത്തേക്കു വരാനുള്ള സാധ്യത എന്നിവയും ട്രെക്കിംഗ് നിരോധനത്തിന് പിന്നിലുണ്ട്. കേരളത്തിലെ വനമേഖലകളിൽ ടൂറിസ്റ്റുകളെ കൊണ്ട് പോകുന്നതിൽ നിയന്ത്രണം വേണമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് ടൂർ ഓപ്പറേറ്റേഴ്‌സിനും, ടൂർ പാക്കേജ് നടത്തുന്നവർക്കുമാണ് ടൂറിസം വകുപ്പ് നിർദ്ദേശം നൽകിയത്. പെരിയാര്‍ ടൈഗര്‍ റിസേര്‍വിലെ ബോട്ടിംഗ് ഒഴികെയുള്ള സാഹസിക വിനോദങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിട്ടു.