Tag: dubai taxi service

യാത്രക്കാരുടെ സുരക്ഷ: ദുബൈ ടാക്സികളില്‍ നിരീക്ഷണ ക്യാമറകള്‍

ദുബൈയിലെ ടാക്‌സികളിലെല്ലാം ഈവര്‍ഷം അവസാനത്തോടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. ടാക്‌സി ഡ്രൈവര്‍മാരുടെ ഡ്രൈവിങ് രീതികള്‍ നിരീക്ഷിക്കുകയാണ് സംരംഭത്തിന്‍റെ പ്രധാന ലക്ഷ്യമെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. പൊതുവാഹനങ്ങളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗംകൂടിയാണിത്. നിലവില്‍ 6500 ടാക്‌സികളില്‍ ക്യാമറകള്‍ ഘടിപ്പിച്ചു. ബാക്കിയുള്ള ടാക്‌സികളില്‍ ഈ വര്‍ഷംതന്നെ നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ അദേല്‍ ശക്രി പറഞ്ഞു. തൊഴില്‍പരമായും വ്യക്തിപരമായും നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ചട്ടങ്ങള്‍ ഡ്രൈവര്‍മാര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിരീക്ഷണ ക്യാമറകള്‍ സഹായമാകും. നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഈ ക്യാമറയിലെ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാങ്കേതികതവിദ്യയുടെ സഹായത്തോടെ മെച്ചപ്പെട്ട യാത്രാനുഭവം ഒരുക്കുകയാണ് ആര്‍ടിഎയുടെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.