ദിപാവലി ആഘോഷിക്കാൻ ഷാർജയിൽ ‘ഇന്ത്യൻ രാവ്’

ദീപാവലി ആഘോഷങ്ങൾക്ക് നിറം പകരാൻ ഉത്സവ രാവൊരുക്കി ഷാർജ ഫ്ലാഗ് ഐലൻഡ്. പാട്ടും നൃത്തവും ഫാഷൻ പരേഡുകളുമടക്കം വൈവിധ്യമാർന്ന പരിപാടികളാണ് ‘ഇന്ത്യൻ രാവിന്റെ’ ഭാഗമായി ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നായ ദിപാവലിയുടെ ആവേശം പ്രവാസി സമൂഹത്തിന് സമ്മാനിക്കുന്നതിനോടൊപ്പം ഇന്ത്യൻ സാംസ്‌കാരിക വൈവിധ്യം ഇതര രാജ്യക്കാർക്ക് പരിചയപ്പെടുത്താൻ കൂടിയാണ്  ‘ഇന്ത്യൻ നൈറ്റ്’  ഒരുക്കുന്നത്.

റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ ബോളിവുഡ് നൃത്ത സംവിധായകൻ സൽമാൻ യുസഫ് ഖാൻ നയിക്കുന്ന  ഡാൻസ് ഷോയാണ് ഇന്ത്യൻ നെറ്റിലെ കലാവിരുന്നിന്റെ പ്രധാന ആകർഷണം. മലയാളി ഗായകൻ നിഖിൽ മാത്യു, തമിഴ് നടനും സംഗീതജ്ഞനുമായ എംജെ ശ്രീറാം എന്നിവരും വേദിയിലെത്തും. ബോളിവുഡ്, കോളിവുഡ് ഡാൻസ് പ്രദര്ശനങ്ങളോടൊപ്പം പരമ്പരാഗത കഥക് നൃത്തപ്രദർശനം,   ഫാഷൻ ഷോ എന്നിവയും കലാവിരുന്നിന്റെ ഭാഗമാണ്.

തനത് രുചികളും ഇന്ത്യൻ രുചികളുമൊരുങ്ങുന്ന ചെറു ഭക്ഷണ ശാലകൾ, ജുവലറി – വസ്ത്ര  പ്രദർശനം എന്നിവയെല്ലാം ചേരുന്ന ഇന്ത്യയുടെ വൈവിധ്യം ആഘോസിക്കുന്ന വിധത്തിലാണ് ഇന്ത്യൻ രാവ് സംഘടിപ്പിക്കുന്നത്. ഏറ്റവും മികച്ചതും വ്യത്യസ്തവുമായ വസ്ത്രം ധരിച്ചെത്തുന്ന പുരുഷൻ, സ്ത്രീ, ദമ്പതിമാർ, കുടുംബം എന്നിവർക്ക് സമ്മാനം നേടാനും അവസരമുണ്ട്.

“യുഎഇയിലെ ഇന്ത്യൻ സമൂഹത്തിനായി ഇങ്ങനെയൊരു ആഘോഷം ഒരുക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ട്. ദിപാവലി പോലെയുള്ള ഒരു പ്രധാന ആഘോഷം അതിന്റെ എല്ലാ പൊലിമയോടും കൂടി അവതരിപ്പിക്കുമ്പോൾ നാട് വിട്ടു കഴിയുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിനും അതേപോലെ മറ്റു രാജ്യക്കാർക്കും അത് വേറിട്ട അനുഭവമാവും. ഷാർജയിലെ കുടുംബ സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രമായ ഫ്ലാഗ് ഐലൻഡിൽ വെച്ചാവുമ്പോൾ ആഘോഷത്തിന്റെ മാറ്റ് പിന്നെയും കൂടും” – ഫ്ലാഗ് ഐലൻഡ് ജനറൽ മാനേജർ ഖുലൂദ്‌ അൽ ജുനൈബി പറഞ്ഞു.

വെള്ളിയാഴ്ച (25 October 2019) വൈകുന്നേരം 3 മുതൽ രാത്രി പന്ത്രണ്ടു വരെയാണ് ഇന്ത്യൻ രാവ് അരങ്ങേറുന്നത്. പ്രവേശനം സൗജന്യമാണ്.