അതിസമ്പന്നരുടെ നഗരങ്ങളില്‍ മുംബൈയ്ക്ക് 12ാം സ്ഥാനം

സമ്പന്നന്മാരുടെ കാര്യത്തില്‍ മുംബൈ നഗരം മുന്നോട്ട് കുതിക്കുകയാണ്. ലോകത്തിലെ സമ്പന്നമായ നഗരങ്ങളില്‍ മുംബൈ 12-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം 18-ാം സ്ഥാനത്തായിരുന്നു നഗരത്തിന്റെ സ്ഥാനം. ലണ്ടനാണ് ഏറ്റവും സമ്പന്നമായ നഗരം. ന്യൂയോര്‍ക്കില്‍ നിന്നാണ് അവര്‍ ഈ സ്ഥാനം തിരികെ പിടിച്ചത്. കഴിഞ്ഞദിവസം പുറത്തിറക്കിയ നൈറ്റ് ഫ്രാങ്കിന്റെ വെല്‍ത്ത് റിപ്പോര്‍ട്ടിലേതാണ് ഈ വിവരങ്ങള്‍.

രാജ്യത്തെ സമ്പന്നരുടെ വളര്‍ച്ച 116 ശതമാനമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2013-ല്‍ 55 ശതകോടീശ്വരന്മാരുണ്ടായിരുന്ന സ്ഥാനത്ത് 2018 ആയപ്പോഴേക്കും 119 പേരായി മാറി. ഇതേ കാലയളവില്‍ കോടീശ്വരന്മാരുടെ എണ്ണം 2,51,000-ത്തില്‍നിന്ന് 3,26,052 ആയി ഉയര്‍ന്നു. ഏഷ്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 27 ശതമാനമാണ് വളര്‍ച്ച. ഇത് വടക്കേ അമേരിക്കയെയും യൂറോപ്പിനെയും കടത്തി വെട്ടുന്ന വളര്‍ച്ചയാണ്.

225 കോടി രൂപയിലധികം നീക്കിയിരിപ്പുള്ള 1947 വ്യക്തികളാണ് രാജ്യത്തുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ (797) താമസിക്കുന്നത് മുംബൈയിലാണ്. ഡല്‍ഹിയില്‍ 211 പേരും ബെംഗളൂരുവില്‍ 98 പേരും. ശതകോടീശ്വരന്മാരിലും ഏറ്റവും കൂടുതല്‍ പേര്‍ വസിക്കുന്നത് ബെംഗളൂരുവിലാണ്-33 പേര്‍. മുംബൈയില്‍ 19 പേരും ഡല്‍ഹിയില്‍ എട്ടുപേരും. ബാക്കിയുള്ളവര്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും മറ്റു രാജ്യങ്ങളിലുമാണ് താമസിക്കുന്നത്.

59 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ ആദ്യത്തെ പത്തില്‍ എട്ടുസ്ഥാനങ്ങളും ഏഷ്യയിലാണ്. അടുത്ത അഞ്ചു വര്‍ഷത്തെ വളര്‍ച്ചയില്‍ ഇന്ത്യയാണ് ഏറ്റവും മുന്നില്‍. 39 ശതമാനം വളര്‍ച്ച രാജ്യത്ത് സൂചിപ്പിക്കുമ്പോള്‍ ഫിലിപ്പീന്‍സില്‍ 38 ശതമാനത്തിനും ചൈനയില്‍ 35 ശതമാനത്തിനുമാണ് സാധ്യത.