ജടായുവിനെ പകര്‍ത്തി ദേശീയ കാര്‍ട്ടൂണിസ്റ്റുകള്‍

കാര്‍ട്ടൂണ്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ജടായുവില്‍ ഒരു കൗതുക ദിനം . ചടയമംഗലം ജടായു എര്‍ത്ത് സെന്ററില്‍ ഇന്നലെ ദേശീയ തലത്തില്‍ പ്രശസ്തരായ 25 ഓളം കാര്‍ട്ടൂണിസ്റ്റുകള്‍ ഒരുമിച്ചു ജടായുവിനെ പകര്‍ത്തി.

ജടായു എര്‍ത്ത് സെന്ററിന്റെ ക്ഷണപ്രകാരമാണ് ഇവര്‍ ജടായുപാറ സന്ദര്‍ശിച്ചത്. കാഴ്ചകള്‍ പകര്‍ത്താനെത്തിയ കലാകാരന്മാരൊക്കെയും ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും പ്രശസ്തരായവരാണ്. കാണികളുടെ ഇടയില്‍ ഇരുന്ന് തത്സമയം ജടായുവിനെ ഇവര്‍ അവരവരുടെ കാഴ്ചപ്പാടിലാണ് വരച്ചത്.

പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകള്‍ ആയ മനോജ് സിന്‍ഹ (ഹിന്ദുസ്ഥാന്‍ ടൈംസ് ), ഡോ.രോഹിത് ഫോരെ (ഫിനാന്‍ഷ്യല്‍ ടൈംസ് ), മനോജ് ചോപ്ര(കശ്മീര്‍ ടൈംസ് ), സന്ദീപ് അദ്വാരിയു (ടൈംസ് ഓഫ് ഇന്ത്യ ), സുബ്ഹാനി (ഡെക്കാന്‍ ക്രോണിക്കിള്‍) തുടങ്ങിയവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കൂടാതെ മലയാളത്തിലെ പ്രശസ്തരായ കാര്‍ട്ടൂണിസ്റ്റുകളും പങ്കെടുത്തു.

കാണികള്‍ക്കും ഈ കാഴ്ച കാണാനും, ആശയവിനിമയം നടത്താനും അവസരം ലഭിച്ചിരുന്നു. ഇന്ത്യയിലെ വിനോദസഞ്ചാരമേഖലയിലെ പുത്തന്‍ വിനോദസഞ്ചാര കേന്ദ്രം ആയി ജടായു എര്‍ത്ത് സെന്റര്‍ മാറുകയാണ്. ജടായുവിനെ സാംസ്‌കാരിക വിനിമയത്തിന്റെ ഇടം കൂടിയാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്്.

വരച്ച കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം ജടായുവില്‍ പിന്നീട് സംഘടിപ്പിക്കും. ഈ ചിത്രങ്ങളെല്ലാം കോര്‍ത്തിണക്കി ഒരു കോഫി ടേബിള്‍ ബുക്ക് പ്രസിദ്ധീകരിക്കുന്നതാണ് എന്ന് ജടായു എര്‍ത്ത് സെന്റര്‍ എം ഡിയും ചെയര്‍മാനുമായ രാജീവ് അഞ്ചല്‍ പറഞ്ഞു. മലയാള കാര്‍ട്ടൂണിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കൊല്ലത്തു സംഘടിപ്പിക്കുന്ന കാര്‍ട്ടൂണ്‍ കോണ്‍ക്ലേവിന്റെ ഭാഗമായാണ് കലാകാരന്മാര്‍ ജടായുവും സന്ദര്‍ശിച്ചത്.