എടയ്ക്കല്‍ ഗുഹ തുറന്നു; ഒന്നാം ഗുഹയില്‍ സുരക്ഷാ പരിശോധനയ്ക്ക് ശേഷം പ്രവേശനം

കല്ലുകള്‍ അടര്‍ന്നു വീണതിനെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനം നിര്‍ത്തിവെച്ച എടക്കല്‍ ഗുഹ തുറന്നു. എന്നാല്‍ ഒന്നാം ഗുഹയില്‍ സുരക്ഷാ പരിശോധന നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ പ്രവേശനമുണ്ടാകില്ല.

വിദഗ്ധ സംഘം ഉടന്‍ ഗുഹയില്‍ സന്ദര്‍ശനം നടത്തുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ടൂറിസം സെക്രട്ടറി വി. വേണു, ജില്ലാ കലക്ടര്‍ എ.ആര്‍. അജയകുമാര്‍ എന്നിവര്‍ അറിയിച്ചു.

ഓരോ ബാച്ചിലും 30 പേര്‍ക്ക് വീതമായിരിക്കും പ്രവേശനമുണ്ടായിരിക്കുക. 1920 പേര്‍ക്ക് പ്രതിദിനം ഗുഹയില്‍ പ്രവേശിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും സൗകര്യമേര്‍പ്പെടുത്തുക.

സമുദ്രനിരപ്പില്‍ നിന്ന് നാലായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എടക്കല്‍ ഗുഹ സന്ദര്‍ശിക്കാന്‍ നൂറുകണക്കിന് വിനോദസഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. തിങ്കളാഴ്ചകളിലും ദേശീയ അവധിദിനങ്ങളിലും ഗുഹയിലേക്ക് പ്രവേശനമുണ്ടാകില്ല.