ബഹിരാകാശത്തേക്ക് പോകാന്‍ ഗഗന്‍യാന്‍; യാത്രക്കാരെ ക്ഷണിച്ച് ഉടന്‍ പരസ്യം

സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കാന്‍ ഇന്ത്യയുടെ ഗഗന്‍യാന്‍ ഉടന്‍ സജ്ജമാകും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിനു മുന്‍പു നടത്താന്‍ ഐഎസ്ആര്‍ഒ സജ്ജമാണെന്നു ഡയറക്ടര്‍ കെ ശിവന്‍ അറിയിച്ചു. ബഹിരാകാശ സഞ്ചാരികളെ ക്ഷണിച്ചു കൊണ്ട് ഉടന്‍ പരസ്യം നല്‍കും. അവര്‍ക്കു മൂന്നു വര്‍ഷത്തോളം പരിശീലനവും നല്‍കും.

ആര്‍ക്കും അപേക്ഷിക്കാമെങ്കിലും ആദ്യ വട്ടം പൈലറ്റുമാര്‍ക്കാണു മുന്‍ഗണന. മൂന്നു പേരുടെ മൊഡ്യൂളാണു ഭൂമിയില്‍ നിന്നു 400 കിലോമീറ്ററോളം ഉയരത്തിലുള്ള ലോ ഏര്‍ത്ത് ഓര്‍ബിറ്റിലെത്തിക്കുക. മൂന്നു മുതല്‍ ഏഴു ദിവസം വരെ ബഹിരാകാശത്തു തങ്ങുന്ന ഗഗനചാരികളുടെ പേടകം കടലില്‍ തിരിച്ചിറക്കും. ആളില്ലാത്ത രണ്ടു യാത്രയ്ക്കു ശേഷമായിരിക്കും മനുഷ്യപേടകം വിക്ഷേപിക്കുക. ജിഎസ്എല്‍വി മാര്‍ക് ത്രീയാണു വിക്ഷേപണത്തിന് ഉപയോഗിക്കുക.