കോഴിക്കോട് ബീച്ചൊരു മൊഞ്ചത്തി; ആരും വിശ്രമിക്കും ഇവിടെ

അതിമനോഹരമായി അണിഞ്ഞൊരുങ്ങിയ സൗത്ത് ബീച്ച് സഞ്ചാരികളെ വരവേല്‍ക്കുന്നു. ഇനി നഗരത്തില്‍ സായാഹ്നങ്ങള്‍ ചെലവിടാന്‍ അതീവ സുന്ദരമായി ഒരുക്കിയ സൗത്ത് ബീച്ചിലേക്കും പോവാം.
കോഴിക്കോട്ടെ മാലിന്യങ്ങളെല്ലാം കൊണ്ടുവന്ന് തള്ളിയിരുന്ന ഇടമായിരുന്നു സൗത്ത് ബീച്ച്. ആ ബീച്ചാണിപ്പോള്‍ നവീകരണവും സൗന്ദര്യവത്ക്കരരണവും പൂര്‍ത്തിയാക്കി സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. 19 ന് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുക. അറവുശാലകളില്‍ നിന്നുള്ള മാലിന്യം തള്ളുന്നതും സാമൂഹ്യ വിരുദ്ധ ശല്യവും കാരണം സൗത്ത് ബീച്ചിലേക്ക് പോകാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. വലിയങ്ങാടി ഭാഗത്തേക്ക് ചരക്കുകള്‍ ഇറക്കിയിരുന്ന കടല്‍പ്പാലവും ഗോഡൗണും പ്രദേശങ്ങളും ഏറെക്കാലമായി കാട് പിടിച്ച് കിടക്കുന്ന അവസ്ഥയിലായിരുന്നു.

ഇപ്പോള്‍ തെക്കേ കടല്‍പ്പാലത്തിന് തെക്ക് ഭാഗത്ത് നി ന്ന് 800 മീറ്ററോളം നീളത്തിലാണ് കടപ്പുറം നവീകരിച്ചത്. നാല് വ്യൂ പോയിന്റുകള്‍, ടൈല്‍ വിരിച്ച നടപ്പാത, ഇരിപ്പിടങ്ങള്‍, വിളക്കുകള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. വ്യൂപോയിന്റുകള്‍ക്ക് സമീപം കോണ്‍ക്രീറ്റ് ഇരിപ്പിടങ്ങളും അലങ്കാരപ്പനകളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. സോഡിയം വേപ്പര്‍ വിളക്കുകള്‍ തെളിഞ്ഞ കടപ്പുറത്തിന്റെ രാത്രി ദൃശ്യം ഏറെ ആകര്‍ഷകമാണ്. മഴയും വെയിലും കൊള്ളാതിരിക്കാന്‍ വിശ്രമമണ്ഡപങ്ങളും സ്ഥാപിച്ചിട്ടുണ്ട്. മിനി ഹൈമാസ്റ്റ് വിളക്കുകള്‍, കുടിവെള്ള സംവിധാനം, ടോയ്‌ലറ്റുകള്‍, അലങ്കാര വിളക്കുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.


3.8 കോടി രൂപ മുതല്‍ മുടക്കിലാണ് നവീകരണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. തെക്കേ കടല്‍പ്പാലം വൃത്തിയാക്കി അതിന് സമീപം ഇരിപ്പിടങ്ങള്‍ ഒരുക്കാനുള്ള പദ്ധതിയും ആലോചിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തില്‍ പെട്ട നടക്കാന്‍ പ്രയാസമുള്ളവര്‍ക്ക് വീല്‍ച്ചെയറില്‍ സഞ്ചരിച്ച് കടലുകാണാന്‍ സൗകര്യമുണ്ടെന്നതാണ് ഇവിടുത്തെ പ്രത്യേകത.പ്രവേശന കവാടത്തില്‍ ഇതിനായി പടികള്‍ക്കൊപ്പം പ്രത്യക റാമ്പും തയ്യാറാക്കിയിട്ടുണ്ട്. മാലിന്യ നിക്ഷേപവും സാമൂഹ്യവിരുദ്ധ ശല്യവും വ്യാപകമായ സാഹചര്യത്തിലാണ് സൗത്ത് ബീച്ചിന് പുതിയ രൂപമൊരുക്കാന്‍ ഡി ടി പി സി മുന്നോട്ട് വന്നത്. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിനായിരുന്നു നിര്‍മ്മാണ ചുമതല