കൊച്ചി- ലക്ഷദ്വീപ് ജലവിമാനം ഉടൻ; നിരക്ക് 7000 രൂപ

കാര്യങ്ങൾ അനുകൂലമായാൽ കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്കും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കും സീപ്ളെയിൻ സർവീസ് ഉടൻ തുടങ്ങും. കവരത്തി സർവീസാകും ആദ്യം തുടങ്ങുകയെന്ന് കൊച്ചി ആസ്ഥാനമായ സീ ബേർഡ് സീ പ്‌ളെയിൻ ലിമിറ്റഡ് സിഇഒ ക്യാപ്റ്റൻ സുരാജ് ജോസ് പറഞ്ഞു.

എതിർപ്പില്ലാ രേഖ ലഭ്യമായാൽ മൂന്നു മാസത്തിനകം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സീ പ്‌ളെയിൻ പറന്നുയരുമെന്നും സുരാജ് ജോസ് വ്യക്തമാക്കി.

എട്ടു പേർക്ക് സഞ്ചരിക്കാവുന്ന 15 കോടി രൂപയുടെ സീ പ്‌ളെയിൻ സീ ബേർഡ് വാങ്ങിയിട്ട്‌ രണ്ടുവർഷമാകാറായി. കൊച്ചി വിമാനത്താവളത്തിന് പാർക്കിങ് ഫീസ് ആയി മൂന്നു ലക്ഷം രൂപയും നൽകി.

നിലവിൽ ലക്ഷദ്വീപിലേക്ക് എയർ ഇന്ത്യ വിമാനം മാത്രമാണുള്ളത്.ഇതിൽ സീറ്റുകൾ മിക്കപ്പോഴും നിറഞ്ഞിരിക്കും. സീ പ്‌ളെയിൻ വരുന്നതോടെ കുറച്ചു യാത്രക്കാർക്ക് ഇത് സഹായകമാവുമെന്നു ക്യാപ്റ്റൻ സുരാജ് ജോസ് പറയുന്നു. കവരത്തിയിലേക്കു ഒരാൾക്ക് 7000 രൂപയാകും നിരക്ക്. ചാർട്ടർ ചെയ്തു പോകാൻ മണിക്കൂറിന് 80,000 രൂപയും.

സീ ബേർഡിനു മറ്റൊരു സീ പ്‌ളെയിൻ അമേരിക്കയിലുണ്ടു്. ലക്ഷദ്വീപിലേക്കു സർവീസ് തുടങ്ങിയ ശേഷം ഈ ജലവിമാനവും നാട്ടിലെത്തിക്കും. കൊച്ചി-ആൻഡമാൻ സർവീസ് തുടങ്ങുകയാണ് ലക്‌ഷ്യം.