മനക്കരുത്തിൽ കടലാഴം കണ്ട് നീരജ്: ഭിന്നശേഷിക്കാർക്കും കോവളത്ത് സ്കൂബാ ഡൈവ്

ആലുവ സ്വദേശി നീരജ് ജോർജിന്  നീന്തലറിയില്ല . ആഴമുള്ളിടം  കണ്ടാൽത്തന്നെ തല കറങ്ങും.നന്നേ ചെറുപ്പത്തിലേ  കാൻസർ വന്ന് ഒരു കാൽ മുറിച്ചുമാറ്റി . എന്നാൽ നീരജിന്റെ നിശ്ചയദാർഢ്യത്തിന് ഇവയൊന്നും തടസമായില്ല. കടലിന്റെ  അടിത്തട്ടിലേക്ക്  നീരജ് ഊളിയിട്ടു. വർണമത്സ്യങ്ങളേയും  കടൽ സസ്യങ്ങളേയും പവിഴപ്പുറ്റുകളേയും കൺ നിറയെ കണ്ടു.  കടൽക്കാഴ്ചകളുടെ  കുളിരിൽ നിന്നും  തിരകളുടെ മേൽത്തട്ടിലേക്ക്  ഉയർന്നു വന്നപ്പോൾ  നീരജ്  പറഞ്ഞു – അവിശ്വസനീയം.

ഭിന്നശേഷി സൗഹൃദ ടൂറിസത്തിന്റെ ചുവട് പിടിച്ച് കോവളത്തുള്ള ബോണ്ട് സഫാരിയാണ്  നീരജ് ജോര്‍ജിനെ കടലൊളിപ്പിച്ച കാഴ്ച്ച കാണാൻ കൊണ്ടു പോയത്.

വിധിക്കു മുന്നിൽ തോറ്റു കൊടുക്കാൻ നീരജ് ഒരിക്കലും തയ്യാറായിട്ടില്ല.  രാജ്യാന്തര പാരാ ബാഡ്മിന്റൺ താരമാണ്. ട്രെക്കിംഗ് ഇഷ്ട ഹോബിയുമാണ്.  കേരളത്തിലെ  പ്രധാന  ട്രെക്കിംഗ്  സ്ഥലങ്ങളൊക്കെ നീരജ് താണ്ടിയിട്ടുണ്ട്.

അംഗ പരിമിതി  ഒരിക്കലും ഭാരമായി തോന്നിയിട്ടില്ലന്ന് അഡ്വ. ജനറൽ ഓഫീസിലെ ജീവനക്കാരനായ നീരജ് പറയുന്നു.  സാഹസികതയിലാണ്  താൽപ്പര്യം.  അതുകൊണ്ടാണ്  വെള്ളത്തിനെ ഭയക്കുന്ന നീന്തലറിയാത്ത ഞാന്‍ ഈ സാഹസം ചെയ്യാന്‍ സന്നദ്ധനായതെന്നും  നീരജ്  പറഞ്ഞു.

കേരളം ടൂറിസം ഭിന്നശേഷി സൗഹൃദമാവുന്നതില്‍ അതിയായ സന്തോഷമുണ്ട്. എന്നെ പോലെയുള്ള നിരവധി ആളുകള്‍ക്ക് പ്രചോദനമാണ് പുതിയ പദ്ധതി. ബോണ്ട് സഫാരിയുമായി ചേര്‍ന്ന്  നടത്തിയ സ്‌കൂബ ഡൈവിംഗ് ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നു. പരിശീലകര്‍ക്കാണ് ആദ്യം നന്ദി പറയുന്നത്. ഞങ്ങളെ പോലെയുള്ളവര്‍ക്ക് സ്വപ്‌നം കാണുവാന്‍ കൂടി കഴിയാത്ത കാര്യമാണ് ഇവർ  സാധിച്ച് തന്നതെന്നും നീരജ് കൂട്ടിച്ചേർത്തു.

സാഹസിക ടൂറിസം രംഗത്ത് വേറിട്ട  വഴിയിലൂടെ ശ്രദ്ധേയരായവരാണ് ബോണ്ട് സഫാരി.  കടലിനടിയില്‍ വിവാഹവും , സി. ഇ. ഒ മീറ്റിങ്ങും, സിനിമയുടെ ഓഡിയോ ലോഞ്ചും നടത്തി ബോണ്ട് സഫാരി ശ്രദ്ധ നേടിയിരുന്നു. ഭിന്നശേഷി സൗഹൃദ ടൂറിസത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന്  നീരജിലൂടെ ഞങ്ങള്‍ ആരംഭിച്ച പദ്ധതി നിരവധി ആളുകള്‍ക്ക് പ്രോത്സാഹനമാകട്ടെയെന്നും ബോണ്ട് സഫാരി മാനോജിംഗ് പാര്‍ട്ണര്‍ ജാക്‌സണ്‍ പീറ്റര്‍ പറഞ്ഞു.