ഇന്ത്യന്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍: അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ബംഗ്ലദേശിന്റെ തലസ്ഥാനമായ ധാക്കയുടെ ആകാശത്ത് ഇന്ത്യന്‍ വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്‍ഡിഗോ എയര്‍ബസ് എ320വും എയര്‍ ഡെക്കാന്റെ ബീച്ച്ക്രാഫ്റ്റ് 1900ഡിയുമാണ് ആകാശത്തു നേര്‍ക്കു നേര്‍ വന്നത്. ഇക്കഴിഞ്ഞ മേയ് രണ്ടിനായിരുന്നു സംഭവം. ‘ഗുരുതരം’ എന്നു വിശേഷിപ്പിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴാണു പുറത്തു വരുന്നത്. ഇതിന്മേല്‍ അന്വേഷണവും ആരംഭിച്ചു.

ഇരുവിമാനങ്ങളും നേര്‍ക്കു നേര്‍ എത്തിയപ്പോള്‍ ഓട്ടമാറ്റിക്കായി ലഭിച്ച മുന്നറിയിപ്പു സന്ദേശമാണ് വന്‍ ദുരന്തമൊഴിവാക്കാന്‍ പൈലറ്റുമാരെ സഹായിച്ചത്. വിമാനങ്ങള്‍ തമ്മില്‍ വെറും 700 മീറ്റര്‍ മാത്രം വ്യത്യാസമുള്ളപ്പോഴായിരുന്നു ‘അലര്‍ട്’ ലഭിച്ചത്.

എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സാധാരണ ഗതിയില്‍ വിമാനങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട അകലം ഇക്കാര്യത്തില്‍ ഉണ്ടായില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

കൊല്‍ക്കത്തയില്‍ നിന്ന് അഗര്‍ത്തലയിലേക്കു പോകുകയായിരുന്നു ഇന്‍ഡിഗോയുടെ 6ഇ892 വിമാനം. അഗര്‍ത്തലയില്‍ നിന്നു കൊല്‍ക്കത്തയിലേക്കുള്ള യാത്രയിലായിരുന്നു എയര്‍ ഡെക്കാന്റെ ഡിഎന്‍602 വിമാനം. 9000 അടി ഉയരത്തില്‍ നിന്ന് അഗര്‍ത്തലയിലേക്കുള്ള ലാന്‍ഡിങ്ങിനൊരുങ്ങുകയായിരുന്നു എയര്‍ ഡെക്കാന്റെ വിമാനം.

അതേസമയം ഇന്‍ഡിഗോ ആകട്ടെ കൊല്‍ക്കത്തയില്‍ നിന്നു ടേക്ക് ഓഫിനു ശേഷം പറന്നുയരുകയായിരുന്നു. ഇത് 8300 അടി ഉയരത്തിലെത്തിയപ്പോഴായിരുന്നു വിമാനത്തിലെ ട്രാഫിക് കൊളിഷന്‍ എവോയ്ഡന്‍സ് സിസ്റ്റം(ടിസിഎഎസ്) മുന്നറിയിപ്പു നല്‍കിയത്. തുടര്‍ന്ന് ഇരുവിമാനത്തിലെയും പൈലറ്റുമാര്‍ വിമാനം സുരക്ഷിത അകലത്തിലേക്കു മാറ്റുകയായിരുന്നു.

സംഭവം ഇന്‍ഡിഗോ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. എഎഐബി അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. നിര്‍ദശം ലഭിച്ച ഉയരത്തിലായിരുന്നെന്നാണ് ഇന്‍ഡിഗോയുടെ വാദം. സംഭവത്തിനു പിന്നാലെ ഇക്കാര്യം കമ്പനിയെയും അഗര്‍ത്തല എയര്‍ ട്രാഫിക് കണ്‍ട്രോളിലും പൈലറ്റ് അറിയിച്ചെന്നും ഇന്‍ഡിഗോ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി എയര്‍ ഡെക്കാനും സ്ഥിരീകരിച്ചു.