മഹാരാജ് ആവാതെ മുംബൈ വിമാനത്താവളം

മുംബൈ വിമാനത്താവളം ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളമെന്ന് പുനര്‍നാമകരണം ചെയ്യാനുള്ള സര്‍ക്കാര്‍ നിര്‍ദേശം നടപ്പായില്ല. ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളമെന്ന നിലവിലുള്ള പേര് മഹാരാജ് എന്നു കൂടി ചേര്‍ത്ത് പരിഷ്‌കരിക്കാനുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു.

എന്നാല്‍, വിമാനത്താവളത്തിന്റെ പേര് മാറ്റാന്‍ നിയമതടസ്സമുണ്ടെന്നാണ് ഇതുസംബന്ധിച്ച അന്വേഷണത്തിന് ശിവാജിയുടെ പിന്‍മുറക്കാരനും ബിജെപി എംപിയുമായ സംഭാജി രാജെ ഛത്രപതിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച മറുപടി.

നിലവിലുള്ള നിയമം പേരുമാറ്റാന്‍ അനുവദിക്കുന്നില്ല, പേരുമാറ്റണമെങ്കില്‍ അതുസംബന്ധിച്ച നയരൂപീകരണം ആവശ്യമാണ്. അതുവരെ പുനര്‍നാമകരണം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാനാവില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2016 ഡിസംബറിലാണ് പുനര്‍നാമകരണത്തിനുള്ള നിര്‍ദേശം സര്‍ക്കാര്‍ കേന്ദ്രത്തിന് അയച്ചത്.