മധ്യറെയില്‍വേ ഇനി അനുകൂല കാലാവസ്ഥക്കനുസരിച്ച് സര്‍വീസ് നടത്തും

മണ്‍സൂണ്‍ കാലത്ത് മധ്യ റെയില്‍വേയുടെ ലോക്കല്‍ ട്രെയിനുകള്‍ ഓടുക കാലാവസ്ഥയ്ക്കനുസരിച്ച്. കനത്ത മഴയും വേലിയേറ്റയും പ്രകടമാകുന്ന ദിവസങ്ങളില്‍ സര്‍വീസുകള്‍ കുറയ്ക്കാനാണ് പദ്ധതി.


വെള്ളപൊക്കം മൂലം കൂടുതല്‍ ട്രെയിനുകള്‍ ട്രാക്കില്‍ കുടുങ്ങി സര്‍വീസുകള്‍ താറുമാറുകന്നത് ഒഴിവാക്കാനാണിതെന്ന് ഡിവിഷന്‍ മാനേജര്‍ എസ്. കെ ജയിന്‍ അറിയിച്ചു.

ഏതാണ്ട് 350 സര്‍വീസുകളെങ്കിലും ഇത്തരം ദിവസങ്ങളില്‍ റദ്ദാക്കും. പ്രതിദിനം 1732 ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളാണ് മധ്യറെയില്‍വേ നടത്തുന്നത്.

അതേസമയം, പ്രവചനം പോലെ മഴ പെയ്തില്ലെങ്കില്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കും. കനത്തമഴ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന ദിവസങ്ങളിലും സര്‍വീസുകള്‍ കുറയ്ക്കും.

കഴിഞ്ഞവര്‍ഷം കനത്തമഴയിലും വെള്ളക്കെട്ടിലും പെട്ട് 16 ട്രെയിനുകളുടെ എന്‍ജിന്‍ തകരാറിലായിരുന്നു. ഇവ വഴിയില്‍ കിടന്നതു കാരണം മറ്റു ട്രെയിനുകള്‍ക്കും കടന്നുപോകുക പ്രയാസമായി. ഈ ദുരവസ്ഥ പരിഹരിക്കാനാണ് പുതിയ നീക്കം.