കട്ടനും വിത്ത്ഔട്ടിനും വിലകുറയും

മധുരമില്ലാത്ത ചായക്കും പാൽ​ ചേർക്കാത്ത കട്ടന്‍ ചായക്കും ഹോട്ടലുകളിലും ചായക്കടകളിലും സാധാരണ ചായയുടെ വില വാങ്ങരുതെന്ന്​ സർക്കാർ ഉത്തരവ്​. ചായക്ക് പ്രധാന ഘടകം പാലും പഞ്ചസാരയുമാണെന്നിരിക്കെ ഇവ രണ്ടും ഉപയോഗിക്കാത്ത ചായക്ക്‌ കൂടുതല്‍ പണം ഈടാക്കുന്നുണ്ട് എന്ന പരാതിയിലാണ് സര്‍ക്കാര്‍ ഇടപെടല്‍.

മധുരമില്ലാത്ത ചായയുടെ വില കുറക്കാൻ 2010 ജൂൺ 24ന് സംസ്ഥാന ഉപഭോക്തൃ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഇത്​ പല ഹോട്ടലുകളും പാലിച്ചിരുന്നില്ല. പാൽ​ ചേർക്കാത്ത ചായയുടെ വിലയും കുറക്കാനാണ് പുതിയ ഉത്തരവില്‍ പറയുന്നത്. സാധാരണ ചായക്കടകളിൽ ഇപ്പോൾ എട്ട്​ രൂപയാണ് ചായക്ക് വില. നഗരങ്ങളിൽ ഇത് പത്ത്​ രൂപ വരെയാണ്.

പ്രത്യേക ചായ എന്ന പേരിൽ 15ഉം 20ഉം രൂപ വരെ വാങ്ങുന്ന ഹോട്ടലുകളുമുണ്ട്. പാലൊഴിച്ച ചായയുടെ വില പ്രദർശിപ്പിക്കുന്നതുപോലെ കട്ടൻ ചായയുടെയും പഞ്ചസാരയിടാത്ത വിത്ത്‌ഔട്ട്‌ ചായയുടെയും വില പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവ് നടപ്പാക്കേണ്ടത് ജില്ല കലക്ടറും പൊതുവിതരണ വകുപ്പുമാണ്.