ഞാറയ്ക്കല്‍ ഫിഷ് ഫാം വികസനപാതയില്‍

മത്സ്യഫെഡിന്റെ ഉടമസ്ഥതിയിലുള്ള ഞാറയ്ക്കല്‍ ഫിഷ് ഫാം വികസനപാതയില്‍. അതിവേഗം വളരുന്ന ടൂറിസം മേഖലയിലെ ആധുനികവല്‍ക്കരക്കുന്നതിന്റെ ഭാഗമായിട്ടാണ് ഞാറയ്ക്കല്‍ ഫിഷ് ഫാം വികസിപ്പിക്കുന്നത്. എക്കോ ടൂറിസം ഫാം ആക്കി മാറ്റുന്നതിന്റെ ഭാഗമായി 12 കോടി രൂപയുടെ ചിലവ് വരുന്ന പദ്ധതിയാണ് ഉദ്ദേശിക്കുന്നതെന്ന് മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ ലോറന്‍സ് ഹെറാല്‍ഡ് പറഞ്ഞു.

ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി മ്യൂസിക്കല്‍ ഫൗണ്ടേഷനും, ജല പ്രദര്‍ശനവും അവതരിപ്പിക്കും. ഫാം കാണാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് സ്പീഡ് ബോട്ട് യാത്രയ്‌ക്കൊപ്പം മത്സ്യബന്ധനത്തിനും ഇനി മുതല്‍ അവസരം ഒരുക്കും. വര്‍ധിച്ചു വരുന്ന സഞ്ചാരികളുടെ കണക്ക് അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടുമെന്ന് എം ഡി പറഞ്ഞു.

പത്ത് വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഞാറയ്ക്കല്‍ ഫിഷ് ഫാം ഒരു വര്‍ഷം മുമ്പാണ് പരിസ്ഥി കേന്ദ്രമായി മാറിയത്. കൊച്ചി നഗരത്തിന് നടുവില്‍ വിവിധതരം മത്സ്യങ്ങളെ വളര്‍ത്തുന്നതിനോടൊപ്പം സഞ്ചാരികള്‍ക്ക് ബോട്ടിംഗ്, വാട്ടര്‍ സൈക്ലിങ്, കയാക്കിങ് സംവിധാനങ്ങളും ഇപ്പോള്‍ ഫാമില്‍ ഒരുക്കിയിട്ടുണ്ട്. ഫിഷ് ഫാമിന്റെ ഭംഗി ആസ്വദിക്കുന്നതിനോടൊപ്പം രുചികരമായ മത്സ്യ വിഭവങ്ങള്‍ കഴിക്കാന്‍ ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്.

കൊച്ചി നഗരത്തില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയായി 45 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഫാമില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെയാണ് പ്രവേശനം. പ്രവേശന ഫീസായി മുതിര്‍ന്നവര്‍ക്ക 250 രൂപയാണ്. വാരാന്ത്യങ്ങളിലും, അവധി ദിനങ്ങളിലും ടിക്കറ്റ് നിരക്ക് 300 രൂപയായി ഉയരും.ഫാമിന്റെ ഭംഗി ആസ്വദിക്കുന്നതിനോടൊപ്പം കായലില്‍ നിന്ന് പിടിച്ച മീനിനെ വില കൊടുത്ത് വാങ്ങുകയും ചെയ്യാം.