വനം വകുപ്പ് കനിയണം തേക്കടി ഉണരാന്‍

തേക്കടി സന്ദർശനത്തിനെത്തുന്ന സഞ്ചാരികൾ ബോട്ടിങ് ഒഴിവാക്കി തമിഴ്നാട്ടിലേക്ക് വൻതോതിൽ ഒഴുകുന്നു. തേക്കടിയിൽ വിനോദ സഞ്ചാര രംഗത്ത് വനംവകുപ്പ് ഏർപ്പെടുത്തിയ പരിധിവിട്ട നിയന്ത്രണങ്ങൾ മൂലം ടൂറിസ്റ്റുകൾ മറ്റ് കേന്ദ്രങ്ങൾ തേടിപ്പോകുകയാണ്.

ആയിരക്കണക്കിന് കി.മീറ്റർ അകലെ നിന്നും കുമളിയിൽ എത്തി തേക്കടി കാണാതെ സഞ്ചാരികൾ മനസ്സ്‌ മടുത്താണ് മടങ്ങുന്നത്. വിദൂരങ്ങളിൽ നിന്നും എത്തുന്നവർ അടുത്ത കേന്ദ്രം എന്ന നിലയിലാണ് തേനി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് പോകുന്നത്. ലോവർക്യാമ്പിലെ മുന്തിരിത്തോട്ടം, മാവിൻതോട്ടം, കാളവണ്ടി സവാരി, പച്ചക്കറി ഫാം, തേക്കടി വെള്ളംഒഴുക്കുന്ന കനാൽ, പ്രകൃതി ദൃശ്യങ്ങൾ എന്നിവ സഞ്ചാരികളെ വലിയ തോതിൽ ആകർഷിക്കുന്നു. വനംവകുപ്പ് ടൂറിസം രംഗത്ത് ഏർപ്പെടുത്തിയിട്ടുള്ള അതിരു കടന്ന നിയന്ത്രണങ്ങൾ തേക്കടി കാണാനുള്ള സഞ്ചാരികളുടെ താൽപര്യത്തിൽ കുറവ്്‌ വന്നിട്ടുള്ളതായി വ്യാപക പരാതി ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്. മുമ്പത്തെ പോലെ എളുപ്പത്തിൽ തേക്കടി കാണാൻ പോകാനാവാത്തത് മൂലമാണ് വിനോദ സഞ്ചാരികളെ വൻതോതിൽ തേനി ജില്ലകളിലേക്ക് ആകർഷിക്കുന്നത്. മുന്തിരി തോട്ടം സന്ദർശിക്കുന്നതിന് ദിവസവും ആയിരക്കണക്കിന് പേരാണ് ലോവർക്യാമ്പിൽ എത്തുന്നത്.
ഇതുകൂടാതെ കുമളിയിൽ നിന്നും ലോവർക്യാമ്പിലെത്തിയാൽ വൈദ്യുതോൽപാദനത്തിനായി മുല്ലപ്പെരിയാർ വെള്ളം കൊണ്ടുപോകുന്ന െപൈൻസ്റ്റോക്ക് പൈപ്പ്, മലനിരകൾ, പ്രകൃതിദൃശ്യങ്ങൾ, പതിനെട്ടാം കനാൽ എന്നിവ കാണാൻ കഴിയും. ഇതോടൊപ്പം ജില്ലയിലെ മറ്റ് പ്രധാന കേന്ദ്രങ്ങളായ ചുരുളി, മേഘമല എന്നിവിടങ്ങളിലേക്കും വൻതോതിൽ സഞ്ചാരികൾ പോകുന്നു. തേക്കടി കാണാനെത്തുന്ന നൂറുകണക്കിന് പേരാണ് ഇത്തരത്തിൽ ദിവസവും യാത്ര മാറ്റുന്നത്. അതോടൊപ്പം തേക്കടി യാത്ര ഉപേക്ഷിച്ച് വാഗമൺ, ഗെവി, സത്രം, പാണ്ടിക്കുഴി, ഒട്ടകത്തലമേട് തുടങ്ങിയ സ്ഥലങ്ങളിലേക്കും വിനോദ സഞ്ചാരികൾ പോകുന്നുണ്ട്.