സഞ്ചാരികള്‍ക്കായി പാഞ്ചാലിമേട് ഒരുങ്ങുന്നു

വിനോദസഞ്ചാരികള്‍ക്ക് കാഴ്ചയുടെ പറുദീസയൊരുക്കാന്‍ പെരുവന്താനം പഞ്ചായത്തിലെ പഞ്ചാലിമേട് ഒരുങ്ങുന്നു. പുതിയ സൗകര്യങ്ങളുമായി ഒന്നാംഘട്ടം വികസന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്.


കഴിഞ്ഞ വര്‍ഷം ടൂറിസം വകുപ്പ് അനുവദിച്ച 4 കോടി രൂപയുടെ ആദ്യഘട്ട വികസന പ്രവര്‍ത്തനമാണ് പൂര്‍ത്തിയാകുന്നത്. വിശ്രമകേന്ദ്രം, റെയ്ന്‍ ഷെല്‍ട്ടറുകള്‍, നടപ്പാത, പ്രവേശന കവാടം, പാസ് കൗണ്ടര്‍, സോളാര്‍ വിളക്കുകള്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായി.

ഇളം കാറ്റും മലനിരകളെ തഴുകി വരുന്ന കോടമഞ്ഞും അത്ഭുതപൂര്‍വമായ കാഴ്ച സമ്മാനിക്കുന്ന പാഞ്ചാലിമേട് നവീകരിക്കാന്‍ പെരുവന്താനം പഞ്ചായത്ത് മുന്‍കൈ എടുക്കുകയായിരുന്നു. ജില്ലയില്‍ അത്രകണ്ട് ശ്രദ്ധയാകര്‍ഷിക്കാതിരുന്ന പാഞ്ചാലിമേട് ജില്ലയിലെ പ്രധാന സഞ്ചാരകേന്ദ്രങ്ങളിലൊന്നാക്കി മാറ്റുകയെന്ന ലക്ഷ്യം പഞ്ചായത്തിനൊപ്പം ഡിടിപിസിയും ഏറ്റെടുത്തതോടെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

കഴിഞ്ഞ വര്‍ഷം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പാഞ്ചാലിമേട് സന്ദര്‍ശിക്കുകയും നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യഘട്ടമെന്ന നിലയില്‍ നാല് കോടി രൂപ അനുവദിക്കുകയും ചെയ്തു. സാഹസിക വിനോദങ്ങള്‍ക്കും അനുകൂല ഭൂപ്രദേശമായ പാഞ്ചാലിമേട്ടില്‍ ഇതിനായുള്ള പഠനങ്ങളും പഞ്ചായത്ത് നേതൃത്വം നടത്തുന്നുണ്ട്. രണ്ടാം ഘട്ട വികസനപ്രവര്‍ത്തനത്തില്‍ ഇവ ഉള്‍പ്പെടുത്താനാണ് പഞ്ചായ്ത്ത് നീക്കം.

അതോടൊപ്പം പാഞ്ചാലിക്കുളം നവീകരിച്ച് തടാകമുണ്ടാക്കാനും ആലോചനയുണ്ട്. നിര്‍മാണ പ്രവര്‍ത്തികള്‍ അന്തിമഘട്ടത്തിലാണെന്നും മെയ്യില്‍ ഉദ്ഘാടനം നടത്തുമെന്നും പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു പറഞ്ഞു. കൊച്ചി കേന്ദ്രമായ മന്ത്ര എന്ന കമ്പനിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

അവധി ദിവസങ്ങളില്‍ 1500 മുതല്‍ 4000 പേര്‍ വരെ ദിവസവും പഞ്ചാലിമേട് സന്ദര്‍ശിക്കുന്നുണ്ട്. നിലവില്‍ സൗജന്യ പ്രവേശനം നല്‍കുമ്പോള്‍ ഉദ്ഘാടനശേഷം പാസ്മൂലം പ്രവേശനം നല്‍കാനാണ് തീരുമാനം. ഡിടിപിസിയുടെ രണ്ട് ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. കോട്ടത്ത് നിന്നും ഇടുക്കി ജില്ലയില്‍ പ്രവേശിക്കുമ്പോള്‍ കൊല്ലം ദിണ്ടുക്കല്‍ ദേശീയ പാതയിലെ മുറിഞ്ഞപുഴ ജങ്ഷനില്‍ നിന്നും 4.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാഞ്ചാലിമേട്ടിലെത്താം.