Middle East

316 ബസുകള്‍ കൂടി വാങ്ങി ദുബൈ ആര്‍ ടി എ

പൊതുഗതാഗത ശൃംഖല വിപുലപ്പെടുത്തുന്നതിനായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി 316 പുതിയ ബസുകള്‍ കൂടി വാങ്ങുന്നു. 465 ദശലക്ഷം ദിര്‍ഹമാണ് ഇതിനായി ചെലവിടുന്നത്.

പരിസ്ഥിതി സൗഹൃദമായ യൂറോപ്യന്‍ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് സര്‍ട്ടിഫിക്കേഷനുള്ള യൂറോ അഞ്ച്, ആറ് സാങ്കേതിക വിദ്യകളോടെയും അത്യാധുനിക സൗകര്യങ്ങളോടെയുമുള്ള കോച്ചുകളായിരിക്കും ഇവ. അടുത്ത വര്‍ഷത്തോടെ എല്ലാ ബസുകളും എത്തിച്ചേരും. ഇതോടെ 2019-ല്‍ ദുബായ് ആര്‍.ടി.എ.യുടെ ബസുകളുടെ എണ്ണം 2085 ആയി വര്‍ധിക്കും. ചെയര്‍മാന്‍ മത്തര്‍ അല്‍ തായറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍.ടി.എ.യുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഈ തീരുമാനമെടുത്തത്.

പുതുതായി വാങ്ങുന്ന ബസുകളില്‍ 143 എണ്ണം ഡീലക്സ് ഇന്റര്‍സിറ്റി കോച്ചുകളായിരിക്കും. 79 ഡബിള്‍ ഡെക്കര്‍ ബസുകളും 94 എണ്ണം ഇടത്തരം ബസുകളുമായിരിക്കും. ലോകനിലവാരത്തിലുള്ള പൊതുഗതാഗതം ദുബായിലും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബസുകള്‍ വാങ്ങാനുള്ള തീരുമാനമെന്ന് ചെയര്‍മാന്‍ അല്‍ തായര്‍ വിശദീകരിച്ചു.

2030 ആവുമ്പോഴേക്കും ദുബായിലെ വാഹനഗതാഗതത്തിലെ മുപ്പത് ശതമാനവും പൊതുസംവിധാനത്തിലാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികള്‍. പൊതുഗതാഗത സംവിധാനങ്ങള്‍ ഏറെ മെച്ചപ്പെടുത്തിയാല്‍മാത്രമേ ആ ലക്ഷ്യം കൈവരിക്കാനാവുകയുള്ളൂ. ഭിന്നശേഷിയുള്ളവര്‍ക്കുകൂടി സൗകര്യപ്രദമാവുന്നവിധം സംവിധാനങ്ങളുള്ള ലോഫ്ലോര്‍ ബസുകളായിരിക്കും പുതുതായി എത്തുന്നത്. കുട്ടികള്‍ക്കുള്ള പ്രത്യേക ഇരിപ്പിടങ്ങളുമുണ്ടാവും. വൈഫൈ സൗകര്യവും സ്മാര്‍ട്ട് ഫോണുകള്‍ ചാര്‍ജ് ചെയ്യാനുള്ള യു.എസ്.ബി. പോര്‍ട്ടലുകളും ഇതില്‍ ഉണ്ടാവും.

പുതുതായി എത്തുന്നതില്‍ 143 എണ്ണം ആഡംബര സൗകര്യങ്ങളുള്ള വോള്‍വോ കോച്ചുകളായിരിക്കും. അബുദാബിയിലേക്കും വടക്കന്‍ എമിറേറ്റുകളിലേക്കുമുള്ള ഇന്റര്‍ സിറ്റി എക്സ്പ്രസുകളായിട്ടായിരിക്കും ഇവ ഓടുന്നത്.

ഡബിള്‍ ഡെക്കര്‍ ബസുകള്‍ ഏറെയും ദുബായ് നഗരത്തിലായിരിക്കും സര്‍വീസ് നടത്തുന്നത്. പുതുതായി എത്തുന്ന 94 ഇടത്തരം ബസുകള്‍ പുതിയ ജനവാസകേന്ദ്രങ്ങളിലേക്കായിരിക്കും സര്‍വീസ് നടത്തുക. ഡബിള്‍ ഡെക്കര്‍ ബസുകളില്‍ നൂറ് യാത്രക്കാര്‍ക്ക് ഇരുന്ന് യാത്രചെയ്യാം. ഇതിലും വൈഫൈ സൗകര്യങ്ങളുണ്ടാകും.