സൗദി അറേബ്യയിലെ ആദ്യ തിയേറ്റര്‍ 18ന് തുറക്കും

മൂന്ന് പതിറ്റാണ്ടിനു ശേഷം സൗദി അറേബ്യയില്‍ ഈ മാസം 18 മുതല്‍ സിനിമാ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷമാണ് തിയേറ്ററുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സൗദി ഭരണകൂടം നീക്കിയത്. അമേരിക്കന്‍ തിയേറ്റര്‍ കമ്പനിയായ എ.എം.സി. എന്‍റര്‍ടെയിന്‍മെന്‍റിനാണ് സിനിമാ പ്രദര്‍ശനത്തിനുള്ള ആദ്യ ലൈസന്‍സ് ലഭിച്ചത്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദിയിലെ 15 നഗരങ്ങളിലായി 40 തിയേറ്ററുകള്‍ എ.എം.സി തുറക്കും. 2030 ആകുന്നതോടെ ഇതു നൂറു തികയ്ക്കാനാണ് പദ്ധതി. സൗദി ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ മന്ത്രാലയത്തിന്‍റെ ലൈസൻസ് അമേരിക്കൻ കമ്പനിക്ക് ലഭിച്ചു. റിയാദിലെ അൽഅഖീഖ് ഏരിയയിലെ കിങ് അബ്ദുല്ല ഫൈനാൻഷ്യൽ ഡിസ്ട്രിക്ടിലായിരിക്കും തിയേറ്റർ.

സ്ത്രീകൾക്കും പുരുഷന്മാരോടൊപ്പം സിനിമാ കാണാം. പത്ത് ഡോളറിനു തുല്യമായ നിരക്കായിരിക്കും ടിക്കറ്റിന്. സൗദിയിൽ സിനിമയുടെ വരവ് അറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം കഴിഞ്ഞ ഡിസംബറിലാണ് അമേരിക്കൻ സിനിമാ കമ്പനിയുമായി സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടുമായി രാജ്യത്ത് സിനിമ യാഥാർഥ്യമാക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചത്.

ജനസംഖ്യയിൽ എഴുപതു ശതമാനവും യുവാക്കൾ ഉള്ളതും ഗൾഫിലെ ഏറ്റവും വിസ്തൃതവുമായ സൗദി അറേബ്യയിൽ പുതുതായി തുറന്നു കിട്ടിയ സിനിമാ രംഗത്തെ നിക്ഷേപ സാധ്യത ഉപയോഗപ്പെടുത്താൻ നിരവധി രാജ്യാന്തര കമ്പനികളാണ് മത്സര രംഗത്തുള്ളത്. സമ്പദ് ഘടനയുടെ വൈവിധ്യവൽക്കരണവും എണ്ണയിലുള്ള ആശ്രയം മാറ്റിയെഴുതാനും ഉദ്ദേശിച്ച് സൗദി അറേബ്യ ആവിഷ്കരിച്ച വിഷൻ 2030 ലക്‌ഷ്യം വെയ്ക്കുന്ന പ്രധാന മേഖലയാണ് വിനോദ, സിനിമാ രംഗം.