നരേന്ദ്രമോഡി ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപണം

പ്രധാനമന്ത്രി നേരേന്ദ്ര മോദിയുടെ സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനായ നേരേന്ദ്ര മോദി ആപ്പ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അനുമതിയില്ലാതെ മറ്റൊരു കമ്പനിയ്ക്ക് കൈമാറുന്നുണ്ടെന്ന് ആരോപണം. ഫ്രഞ്ച് സുരക്ഷാ ഗവേഷകന്‍ എല്ലിയോട്ട് അല്‍ഡേഴ്‌സണാണ് ഇക്കാര്യം ട്വീറ്റ് ചെയ്യുന്നത്.

നരേന്ദ്ര മോദി ആപ്പില്‍ പ്രൊഫൈല്‍ നിര്‍മിക്കുന്ന ആളിന്‍റെ ഉപകരണത്തെകുറിച്ചുള്ള വിവരങ്ങളും അതുപോലെ തന്നെ വ്യക്തി വിവരങ്ങളും അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ ടാപ്പിന്‍റെ ഉടമസ്ഥതയിലുള്ള in.wzrkt.com എന്ന ഡൊമൈനിലേക്ക് കൈമാറുന്നുണ്ടെന്നാണ് അല്‍ഡേഴ്‌സന്‍റെ വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച നിരവധി ട്വീറ്റുകള്‍ അല്‍ഡേഴ്‌സന്‍ പങ്കുവെച്ചിട്ടുണ്ട്.

ഏത് ഓപറേറ്റിങ് സോഫ്റ്റ് വെയറില്‍ പ്രവര്‍ത്തിക്കുന്നതാണ്, നെറ്റ് വര്‍ക്ക് ഏതാണ്, ആരാണ് സേവനദാതാവ് തുടങ്ങിയ ഉപകരണ വിവരങ്ങളും ഇമെയില്‍, ചിത്രം, ലിംഗം, പേര് തുടങ്ങിയ വ്യക്തിവിവരങ്ങളുമാണ് ക്ലെവര്‍ ടാപ്പിന് കൈമാറിക്കൊണ്ടിരിക്കുന്നതെന്ന് അല്‍ഡേഴ്‌സന്‍ പറയുന്നു. ആപ്പ് എന്‍ഗേജ്‌മെന്റ് പ്ലാറ്റ് ഫോം ആണ് ക്ലെവര്‍ ടാപ്പ്.

വിതരണക്കാര്‍ക്ക് ഉപയോക്താക്കളെ തിരിച്ചറിയുന്നതിനും അവരുമായി ഇടപഴകുന്നതിനും അവരെ നിലനിര്‍ത്തുന്നതിനും സഹായിക്കുകയും ഡെവലപ്പര്‍മാരെ സഹായിക്കുകയുമാണ് ക്ലെവര്‍ ടാപ് ചെയ്യുന്നത്. തന്‍റെ ട്വീറ്റ് കണ്ട നരേന്ദ്ര മോദി ആപ്പ് ഡെവലപ്പര്‍മാര്‍ താനുമായി ചര്‍ച്ച നടത്തിയെന്നും വിവരങ്ങള്‍ ശേഖരിച്ചുവെന്നും അല്‍ഡേഴ്‌സന്‍ പിന്നീട് ട്വീറ്റ് ചെയ്തു.

മൊബൈല്‍ ഡെവലപ്പ്‌മെന്‍റ് ലോകത്തിന് അനലറ്റിക്‌സ് സംവിധാനങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ഉപയോക്താക്കള്‍ നല്‍കുന്ന വിവരങ്ങള്‍ സമ്മതമില്ലാതെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് അല്‍ഡേഴ്‌സന്‍ പറയുന്നു. വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഉപയോക്താക്കളുടെ സമ്മതം ആവശ്യമാണ്. അത് തീരുമാനിക്കാനുള്ള സൗകര്യം അവര്‍ക്ക് നല്‍കണം. മാത്രവുമല്ല ഉപയോക്താക്കളുടെ അനുമതിയില്ലാതെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഗൂഗിള്‍ പ്ലേസ്റ്റോറിന്‍റെ നിബന്ധനകള്‍ക്ക് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുമ്പ് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട നിരവധി സുരക്ഷാ പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട് അല്‍ഡേഴ്‌സന്‍. നേരത്തെ ബി.എസ്.എന്‍.എല്‍ നെറ്റ് വര്‍ക്കില്‍ സുരക്ഷാ പ്രശ്‌നമുണ്ടെന്നും ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ കയ്യടക്കാന്‍ സാധിക്കുമെന്നും അല്‍ഡേഴ്‌സന്‍ കണ്ടെത്തിയിരുന്നു.