ബിയര്‍ പ്രേമികള്‍ക്കായി സ്‌കോട്ട്‌ലാന്റില്‍ ഹോട്ടല്‍ വരുന്നു

ഈ ഹോട്ടലില്‍ കയറി കൈ കഴുകാന്‍ ചെല്ലുമ്പോള്‍ നമ്മള്‍ ഒന്ന് ഞെട്ടും. പൈപ്പ് തുറക്കുമ്പോള്‍ തന്നെ പതഞ്ഞ് പൊങ്ങുന്ന ബിയര്‍. അതെ സ്‌കോട്ട്‌ലാന്റില്‍ ലോകത്തിലെ ആദ്യത്തെ ബിയര്‍ ഹോട്ടല്‍ തയ്യാറാകുകയാണ്.

സകോട്ട്‌ലാന്റിലെ എലോണിലുള്ള ബ്രിയുഡോഗ് എന്ന ബഹുരാഷ്ട്ര മദ്യനിര്‍മ്മാണശാലയും പബ് ശൃംഖലയുമാണ് ബിയറിന് വേണ്ടി മാത്രമുള്ള ‘ഡോഗ്ഹൗസ്’ എന്ന ഹോട്ടലിന് പിന്നില്‍. നിര്‍മ്മാണം പുരോഗമിക്കുന്ന ഹോട്ടല്‍ 2019 പകുതിയോടെ പ്രവര്‍ത്തനം ആരംഭിക്കും.

3.25 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഡോഗ് ഹൗസില്‍ 26 മുറികള്‍ ഉണ്ട്. എല്ലാ മുറികളിലും ബിയര്‍ ടാപ്പുകളും, തണുത്ത ബിയറുകളില്‍ കുളിക്കാനുള്ള ഷവറുകളും ക്രമീകരിച്ചിട്ടുണ്ട്. ഹോട്ടലില്‍ എത്തുന്നവരുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളിലെ ബിയറുകള്‍ ഏത് സമയത്തും ലഭിക്കും.

മദ്യനിര്‍മ്മാണ ശാലയ്ക്ക് അഭിമുഖമായിട്ടാണ് മുറി ലഭിക്കുന്നതെങ്കില്‍ മദ്യനിര്‍മ്മാണവും കാണാം.ബ്രിയുഡോഗിന്റെ ക്രൗഡ് ഫണ്ടിംഗ് പ്രൊജക്ടായ ഇക്വിറ്റി ഫോര്‍ പങ്കിസിന്റെ ഫലമാണ് ഡോഗ്ഹൗസ്.

പുതിയ ഹോട്ടല്‍ കൊണ്ട് മാത്രം തീരുന്നില്ല ഇവരുടെ വിശേഷങ്ങള്‍ ഡോഗ്ഹൗസിന് പുറമേ ഒഹിയോയില്‍ മറ്റൊരു ഹോട്ടല്‍ കൂടി തുറക്കാനുള്ള ശ്രമത്തിലാണ് ബ്രിയുഡോഗ്. ബിയര്‍ നിറഞ്ഞ ടബ്ബുകളാവും പുതിയ ഹോട്ടലില്‍ ഉണ്ടാവുക.

‘ക്രാഫ്റ്റ് ബിയര്‍ ആരാധകര്‍ക്കായുള്ള ഞങ്ങളുടെ സമ്മാനമാണ് ഡോഗ്ഹൗസ്. ഇവിടെയെത്തുന്ന
ആളുകള്‍ ഞങ്ങളുടെ അബെര്‍ഡെയ്ന്‍ഷിര്‍ മദ്യനിര്‍മ്മാണശാലയിലും എത്തും. ബിയര്‍ ഹോട്ടല്‍ എന്ന ആശയം ഞങ്ങളുടെ അജണ്ടയായിരുന്നു. ഇപ്പോള്‍ ഈ സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ക്രാഫ്റ്റ് ബിയര്‍ ആരാധകര്‍ക്ക് അവരുടെ അവധിക്കാലം ആഘോഷിക്കാന്‍ പറ്റിയ ഇടമായിരിക്കും ഇവിടം. ഇത് ഒരു ബിയര്‍ നിര്‍വ്വാണമാണ് ‘ ബ്രിയുഡോഗ് സഹസ്ഥാപകനായ ജെയിംസ് വാട്ട് പറയുന്നു.