ലോക്കല്‍ ട്രെയിനുകളിലും എസി കോച്ച് പരിഗണനയില്‍

പശ്ചിമ റെയില്‍വേയുടെ ലോക്കല്‍ ട്രെയിനുകളില്‍ രണ്ട് എസി കോച്ചുകള്‍ വീതം ഏര്‍പ്പെടുത്താന്‍ നീക്കം. സെപ്റ്റംബറില്‍ എത്തുന്ന രണ്ട് എസി റേക്കുകളുടെ കോച്ചുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലോക്കല്‍ ട്രെയിനുകളില്‍ ഘടിപ്പിക്കുമെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ സൂചന നല്‍കി. ഇതു വിജയകരമായാല്‍ വ്യാപകമാക്കും.

പശ്ചിമ റെയില്‍വേ യാത്രക്കാര്‍ക്ക് പുതുവത്സര സമ്മാനമായി ആരംഭിച്ച എസി ലോക്കല്‍ ട്രെയിന്‍ യാത്രക്കാരെ കാര്യമായി ആകര്‍ഷിക്കുന്നില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സമ്പൂര്‍ണ എസി ട്രെയിനുകള്‍ക്ക് പകരം സെമി എസി ലോക്കല്‍ ട്രെയിനുകള്‍ എന്ന ആശയം പരിഗണിക്കുന്നത്.


മുംബൈ റെയില്‍വേ വികാസ് കോര്‍പറേഷനും റെയില്‍വേ ഉദ്യോഗസ്ഥരും കഴിഞ്ഞ മാസം ഇതുസംബന്ധിച്ച ആലോചനകള്‍ നടത്തിയിരുന്നു. ഇക്കൊല്ലം അവസാനത്തോടെ 72 സെമി എസി ലോക്കല്‍ ട്രെയിനുകള്‍ ആരംഭിക്കാനാണ് നീക്കം. ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ക്കു പുറമെയായിരിക്കും എസി കോച്ചുകള്‍.