അസാധു കാണിക്കയില്‍ കുടുങ്ങി തിരുപ്പതി ക്ഷേത്രം

നോട്ടുനിരോധനത്തിന്റെ ദുരിതമൊഴിയാതെ തിരുമല തിരുപ്പതിവെങ്കടേശ്വര ക്ഷേത്രം. ഭക്തരുടെ അസാധു കാണിക്കയില്‍ കുഴങ്ങി തലവേദന അനുഭവിക്കുകാണ് ക്ഷേത്രം അധികൃതര്‍. നോട്ടു നിരോധനത്തിന് ശേഷം അസാധു കാണിക്കായി തിരുപ്പതിയില്‍ എത്തിയത് ഒന്നും രണ്ടുമല്ല 25 കോടിയുടെ പഴയ നോട്ടുകളാണ്.


2016 നവംബര്‍ എട്ടിന് ശേഷം ആയിരത്തിന്റെയും അഞ്ഞൂറിന്റെയും അസാധു നോട്ടുകള്‍ കൂട്ടത്തോടെ കാണിക്കായി നിക്ഷേപിച്ചു. ഇത്രയും വലിയ തുക റിസര്‍വ് ബാങ്കിന്റെ സഹായത്തോടെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ക്ഷേത്രം ഭാരവാഹികള്‍.

ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന അസാധു നോട്ടുകള്‍ മാറി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍ ബി ഐയ്ക്കു കത്തയച്ചതായി തിരുമല തിരുപ്പതിദേവസ്വം (ടിടിഡി) അഡീഷണല്‍ ഫിനാന്‍ഷ്യല്‍ അഡൈസ്വറും മുഖ്യ അക്കൗണ്ടന്റ് ഓഫീസറുമായ ഒ. ബാലാജി പറഞ്ഞു.