‘ചാംഗ്’ പകര്‍ന്നൊരു സിക്കിം അരികത്ത്‌..

സിക്കിമില്‍ നിയമവിധേയമാണ് ചാംഗ് എന്ന നാടന്‍ മദ്യം. സിക്കിം കാണാന്‍ പോയ മാധ്യമ പ്രവര്‍ത്തകന്‍ സുര്‍ജിത്ത് അയ്യപ്പത്ത് ‘ചാംഗ്’ അനുഭവത്തെക്കുറിച്ച് എഴുതുന്നു 

ചിത്രം: ജോസഫ് പ്രതുല്‍

ഇതൊരു മദ്യാനുഭവത്തിന്‍റെ കഥയാണ്. അങ്ങിനെ ഓടിയോടി ഒടുവില്‍ ലാച്ചുങ്ങിലെത്തി. ലാച്ചുങ്ങ് സിക്കിമിന്‍റെ  വടക്കന്‍ ഭാഗമാണ്. മലനിരകള്‍ക്കുള്ളില്‍ ഒരു കൊച്ചുപട്ടണം. ജീവിതത്തില്‍ ഒട്ടും ധൃതികാണിക്കാത്ത മനുഷ്യര്‍. പാരസ്പര്യത്തിന്‍റെ  കാര്യത്തില്‍ ഒന്നാമന്‍മാര്‍. തര്‍ക്കങ്ങളില്ലാത്ത ഇടം, ഒറ്റനോട്ടത്തില്‍ ലാച്ചുങ്ങിനെ കാണുമ്പോള്‍ അങ്ങിനെയാണ് തോന്നിയത്. ഗാംഗ്‌ടോക്കില്‍ നിന്നും ചുങ്താങ്ങിലേക്കുള്ള ഡ്രൈവിന് ശേഷം വഴി രണ്ടായി തിരിയുന്നു. ഒന്ന് ലാച്ചനിലേക്കും മറ്റൊന്ന് ലാച്ചുങ്ങിലേക്കും.

ലാച്ചുങ്ങിലെത്തുമ്പോള്‍ സന്ധ്യയായിരുന്നു. തണുപ്പ് അസഹനീയമായി തോന്നി. മൂന്ന് ടീഷര്‍ട്ടുകളും അതിന് മുകളില്‍ ഒരു ഫുള്‍സ്ലീവ് ഷര്‍ട്ടും ഒരു ജാക്കറ്റും ധരിച്ചിട്ടും തണുപ്പ് ശരീരത്തെ കീഴ്‌പ്പെടുത്തുകയാണ്. അങ്ങിനെയാണ് ചാങ്ങ് എന്നൊരിനം നാടന്‍ മദ്യത്തെ കുറിച്ച് ജാക്കിചാന്‍റെ മുഖഭാവമുള്ള ഡ്രൈവര്‍ ലിംഗ് പി പറയുന്നത്. തണുപ്പിനെ അതിജീവിക്കാനാകുമെങ്കില്‍ ചാങ്ങ് പരീക്ഷിക്കാമെന്നായി യാത്രാസംഘത്തിലെ മറ്റു സുഹൃത്തുക്കള്‍. ഇത്തിരി നേരത്തെ യാത്രക്ക് ശേഷം വീടിനോട് ചേര്‍ന്നുള്ള ചാങ്ങ് ശാലയിലെത്തി. ചാങ്ങ് മാത്രമായിരുന്നില്ല അവിടെ വൈവിധ്യമാര്‍ന്ന സിക്കിം തനത് ഭക്ഷണങ്ങളും തയ്യാറായിരുന്നു. കട നടത്തുന്നത് സ്ത്രീയാണ്. പ്രസരിപ്പാര്‍ന്ന മുഖഭാവം. നോര്‍ത്ത് ഈസ്റ്റിലെ പെണ്ണുങ്ങള്‍ പുരുഷന്‍മാരേക്കാള്‍ ഏറെ അധ്വാന ശീലരാണ്. കുടുംബത്തിന്റെ കടിഞ്ഞാണ്‍ അവരുടെ കയ്യിലാണ്. ‘പന്തമേന്തിയ പെണ്ണുങ്ങള്‍’ എന്ന ഇറോം ശര്‍മ്മിളയുടെ ജീവിതം ആസ്പദമാക്കിയ നാടകത്തില്‍ നോര്‍ത്തീസ്റ്റ് ഇന്ത്യയിലെ സ്ത്രീകളുടെ കഥകൂടി പറയുന്നുണ്ട്.

ചിത്രം: ജോസഫ് പ്രതുല്‍

മദ്യശാലയില്‍ അവരുടെ കുഞ്ഞും അവിടെയൊരു ബഞ്ചില്‍ ഇരിപ്പുണ്ട്. ഒരു പാവക്കുഞ്ഞിനേപ്പോലെ സുന്ദരന്‍. അവര്‍ ഊഷ്മളമായി ഞങ്ങളെ വരവേറ്റു. കേരളത്തില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ അവരുടെ മുഖം കൂടുതല്‍ പ്രസന്നമായി. ഞങ്ങളവിടെയെത്തുമ്പോള്‍ കയ്യിലൊരു തുണി ചേര്‍ത്തുപിടിച്ച് അവര്‍ നെയ്ത്ത് തുടരുകയായിരുന്നു. നെയ്‌തെടുക്കുന്ന വസ്ത്രങ്ങളും തൊപ്പികളും കയ്യുറകളുമെല്ലാം വില്‍പനക്കാണ്. ചാങ്ങ് രുചിക്കാനാണെന്നറിയിച്ചു. വലിയ ഒരു ഭരണിയില്‍ നിന്നും മരക്കയിലുകൊണ്ട് കോരിയെടുത്ത എന്തോ അവര്‍ മുളം കുറ്റിയിലേക്ക് നിറച്ചു. പിന്നീടതിലേക്ക് ചൂടുവെള്ളം പകര്‍ന്നു. ഒരു മുളയുടെ സ്‌ട്രോ ഇട്ട് ഞങ്ങള്‍ക്ക് മുന്നിലേക്ക് നീട്ടി. സ്‌ട്രോ ഉപയോഗിച്ച് ഞങ്ങള്‍ ആഞ്ഞ് കുടിച്ചു. വെള്ളം വറ്റിയപ്പോള്‍ വീണ്ടും അതിലേക്ക് ചൂടുവെള്ളം പകര്‍ന്നു. ഇത് മൂന്ന് തവണ ആവര്‍ത്തിച്ചപ്പോഴേക്കൂം നാവ് കുഴഞ്ഞു തുടങ്ങിയിരുന്നു. ഇടയില്‍ ചാങ്ങിനൊപ്പം മറ്റ് മദ്യം രുചിക്കുന്ന സ്വദേശികളായവരെയും അവിടെ കണ്ടു.

റാഗിയും യീസ്റ്റും പിന്നെ പ്രത്യേക ഔഷധക്കൂട്ടുകളും ചേര്‍ത്ത്   പുളിപ്പിച്ചെടുത്താണ് ചാങ്ങ് ഉണ്ടാക്കുന്നത്. വൈന്‍ മാതൃകയിലാണ് നിര്‍മ്മാണം. പുളിരസമാണ്. നിര്‍മ്മാണ രീതി അവര്‍ വ്യക്തമായി പറഞ്ഞുതന്നു. ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന പാതിരിയൊഴികെയെല്ലാവരും ചാങ്ങ് രുചിച്ചു. ചിലര്‍ അഞ്ച് തവണവരെ ആഞ്ഞ് കുടിച്ചു. ചാങ്ങ് വടക്കന്‍ സിക്കിമില്‍ നിയമവിധേയമായ പാനീയമാണ്. മടങ്ങുമ്പോള്‍ അവര്‍ നെയ്‌തെടുത്ത ചില സാധനങ്ങള്‍ വാങ്ങി. ഇറങ്ങുമ്പോള്‍ തണുപ്പ് എങ്ങോ പോയി മറഞ്ഞിരുന്നു. ജാക്കറ്റ് ഭാരമായി തോന്നിയിരുന്നു.

(നിയമപ്രകാരമുള്ള മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിനു ഹാനികരം)