കേരളത്തില്‍ ആയുര്‍വേദ ഗവേഷണ സ്ഥാപനം വരുന്നു

കേരളത്തിലെ ആയുര്‍വേദ രംഗത്തെ പ്രോത്സാഹിപ്പിക്കാന്‍ അന്താരാഷ്‌ട്ര ആയുര്‍വേദ ഗവേഷണ സ്ഥാപനം തുടങ്ങുന്നു. ഡോ. രാജ് മോന്‍റെ ‘സുകന്യ, ജീവിതത്തിലേക്കുള്ള വഴി ആയുര്‍വേദം’ (സുകന്യ, ആയുര്‍വേദ വേ ടു ലൈഫ്) പുസ്തകം പ്രകാശനം ചെയ്ത് ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.

ഗവേഷണ സ്ഥാപനം തുടങ്ങാന്‍ കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 300 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി. വിമാനത്താവളത്തിന് സമീപത്തായതിനാല്‍ ഇത് ആയുര്‍വേദ ടൂറിസം രംഗത്തെ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

രോഗ നിര്‍ണയത്തിനും രോഗ ശാന്തിക്കും വേണ്ടിയുള്ള സമഗ്ര ആരോഗ്യ പരിപാലന സംവിധാനം ആയുഷ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ആയുര്‍വേദ പരമ്പരാഗത ഗ്രന്ഥങ്ങള്‍ ലളിതമായ ഭാഷയില്‍ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കണമെന്ന് തുഞ്ചത്ത് എഴുത്തച്ചന്‍ മലയാള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞു.