വംശമറ്റ് നെയ്യാര്‍ സിംഹങ്ങള്‍

സഞ്ചാരി സംഘങ്ങളുടെ പ്രിയപ്പെട്ട ഇടമായ നെയ്യാര്‍ ഡാമിലെ സംസ്ഥാനത്തെ ഏക സിംഹ സഫാരി പാര്‍ക്ക് അടച്ച് പൂട്ടല്‍ ഭീഷണിയില്‍. 17 ഓളം സിംഹങ്ങളാല്‍ നിറഞ്ഞ സഫാരി പാര്‍ക്കില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് കേവലം രണ്ട് പെണ്‍ സിംഹങ്ങള്‍ മാത്രം. പാര്‍ക്കില്‍ ഉണ്ടായിരുന്ന ഏക ആണ്‍ സിംഹം കഴിഞ്ഞ മാസം ചത്തു. ഇപ്പോള്‍ അവശേഷിക്കുന്ന രണ്ടു പെണ്‍ സിംഹങ്ങളും വാര്‍ധക്യം ബാധിച്ചു അവശതയിലാണ്.
അവശത ബാധിച്ച സിംഹങ്ങള്‍ ക്ഷീണം കാരണം വനത്തില്‍ തന്നെ ഒതുങ്ങി കൂടുയതിനാല്‍ പാര്‍ക്കില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് പലപ്പോഴും അവയെ കാണാന്‍ സാധിക്കാനാവുന്നില്ല. ഇക്കാരണത്താല്‍ സന്ദര്‍ശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
പാര്‍ക്ക് സജീവമാക്കുന്നതിന് ഗുജറാത്തിലെ ഗീര്‍ വനത്തില്‍ നിന്ന് ഒരു ജോഡി സിംഹങ്ങളെ കൊണ്ടുവരാനുള്ള നടപടി എങ്ങും എത്താതെ ഫയലില്‍ തന്നെ ഉറങ്ങുന്നു.
വംശവര്‍ധന തടയുന്നതിനായി 2002ല്‍ രണ്ട് ആണ്‍ സിംഹങ്ങള്‍ക്ക് വന്ധ്യംകരണം നടത്തിയതോടെയാണ് പാര്‍ക്കിലെ സിംഹങ്ങളുടെ എണ്ണം കുറഞ്ഞു. അതിനുശേഷം ഇവിടെ സിംഹകുഞ്ഞുങ്ങള്‍ പിറന്നിട്ടില്ല. പിന്നീട് ബാക്കിയായവ ഒന്നൊന്നായി ചത്തു. പാര്‍ക്ക് ആധുനികവല്‍ക്കരക്കണം എന്ന ആവശ്യം ഇന്നും നടപടി ഉണ്ടാകാതെ ഇഴയുകയാണ്.