ഗുരുദോങ്മാറിനെ തൊട്ടപ്പോള്‍

 

സിക്കിമിലെത്തുന്നവര്‍ സാധാരണ കാണാന്‍ ആഗ്രഹിക്കുന്ന പ്രധാന ഇടം നാഥുലപാസ് ആണ്. നാഥുല കണ്ട് മടങ്ങിയെത്തിയ ഞങ്ങള്‍ ബാക്കിയുള്ള നാളുകള്‍ സിക്കിമിന്റെ വടക്കന്‍ ഇടങ്ങള്‍ തേടിപ്പോകാനാണ് തീരുമാനിച്ചത്. അതില്‍ ഏറ്റവും പ്രധാന ഇടം ഗുരുദോങ്മാര്‍ ആയിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 17,000 അടി മുകളിലുള്ള തടാകം ഞങ്ങളുടെ ഗൂഗിള്‍ സേര്‍ച്ചുകളില്‍ എന്നും വിസ്മയമായി നിന്നു.

ഗാംങ്‌ടോക്കില്‍ നിന്നും കനത്ത മഴയുടെ ചുവടുപിടിച്ചാണ് നോര്‍ത്ത് സിക്കിമിലേക്കുള്ള പ്രയാണം തുടങ്ങിയത്.  ലക്ഷ്യം ലാച്ചന്‍ എന്ന ഇടത്താവളമാണ്. പോകും വഴി മംഗാന്‍ എന്ന പ്രദേശത്ത് ഒരു പാലം ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നിട്ടുണ്ടെന്നും അതിനാല്‍ യാത്ര അല്‍പം സാഹസികമാകുമെന്നും ഡ്രൈവര്‍ പറഞ്ഞു.  ഉരുള്‍പ്പൊട്ടല്‍ നടന്ന ഇടത്തിന്റെ അടുത്തുവരെ ഞങ്ങള്‍ സഞ്ചരിക്കുന്ന വാഹനം പോകുകയുള്ളു. ഒരു മല നടന്നുകയറി ഉരുള്‍പ്പൊട്ടലുണ്ടായ വെള്ളച്ചാട്ടത്തിന് കുറുകെ സ്ഥാപിച്ച താല്‍ക്കാലിക പാലം കടന്ന് അപ്പുറത്തെത്തിയാല്‍ ടൂര്‍ ഏജന്റ് ഏര്‍പ്പാടാക്കിയ മറ്റൊരുവാഹനത്തില്‍ കയറി യാത്ര തുടരാം. നാഥുലാ പാസിലേക്ക് ഉള്ള വഴിപോലെയായിരുന്നില്ല ലാച്ചനിലേക്ക്. നമ്മുടെ അതിരപ്പിള്ളി മലക്കപ്പാറ പാതയെ അനുസ്മരിപ്പിക്കും വിധം മഴക്കാടുകളും ചെറു ഗ്രാമങ്ങളും ചെറുതും വലുതമായ ഒട്ടനവധി വെള്ളച്ചാട്ടങ്ങളും കടന്നാണ് യാത്ര. പലയിടങ്ങളിലും റോഡ് ഗര്‍ത്തങ്ങളായി മാറിയിരുന്നു.

 

മംഗാനില്‍ ഉരുള്‍പ്പൊട്ടല്‍ നടന്ന ഇടം ഒരു പാറമടയെ അനുസ്മരിപ്പിച്ചു. പാലത്തിന്റെ പകുതിയിലേറെ മലയുടെ മുകളില്‍ നിന്നും പതിച്ച വലിയ പാറകള്‍ താഴെ ആര്‍ത്തലച്ചൊഴുകുന്ന തീസ്ത നദിയില്‍ എത്തിച്ചിരിക്കുന്നു. മല ചുറ്റി വളഞ്ഞ് ഞങ്ങള്‍ താല്‍ക്കാലിക പാലത്തിലൂടെ അപ്പുറത്തെത്തി. ഇവിടെനിന്നും 2 മണിക്കൂര്‍ യാത്രയുണ്ട് ചുങ്താങ്ങ് എന്ന ചെറു പട്ടണത്തിലേക്ക്. അവിടെ നിന്നും വഴി രണ്ടായി തിരിയും. ഒന്ന് ലാച്ചനിലേക്ക്, മറ്റൊന്ന് ലാച്ചുങ്ങിലേക്ക്. ലാച്ചനിലാണ് ഇന്ന് ഞങ്ങള്‍ തങ്ങുന്നത്. ഹിമാലയന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട ലാച്ചനിലെത്തുമ്പോള്‍ ബുദ്ധമത വിശ്വാസികളുടെ ഉത്സവമാണ് ഞങ്ങളെ വരവേറ്റത്. പുരുഷന്‍മാര്‍ ശബരിമലയിലെ പേട്ടതുള്ളല്‍ പോലെ മുഖത്ത് ചായം തേച്ച് തൂവല്‍കൊണ്ടുള്ള കിരീടം ധരിച്ച് താളത്തിനൊപ്പം തുള്ളുകയും ആര്‍പ്പ് വിളിക്കുകയും ചെയ്യുന്നു. ആറ് മാസക്കാലം മഞ്ഞിലുറയുന്ന ഇടമാണ് ലാച്ചന്‍. ഈ സമയം ഇവടെയുള്ളവര്‍ മറ്റിടങ്ങളിലേക്ക് പലായനം ചെയ്യും. കൃഷിയും ടൂറിസവുമാണ് ലാച്ചന്റെ അതിജീവനത്തിന് കരുത്താകുന്നത്. തണുപ്പ് അസഹനീയമായതിനാലും പുലര്‍ച്ചെ ഗുരുദോങ്മാറിലേക്ക് യാത്രയുള്ളതിനാലും ഭക്ഷണ ശേഷം എല്ലാവരും പുതപ്പിലേക്ക് ചുരുണ്ടു.

അഞ്ച് മണിക്ക് തന്നെ ഞങ്ങള്‍ യാത്ര തുടങ്ങി.മഞ്ഞ് മൂടപ്പെട്ട മലനിരകളിലേക്ക് മഞ്ഞവെളിച്ചം പായിച്ചുകൊണ്ട് സൂര്യനിവിടെ നേരത്തെ ഉദയം ചെയ്യും. യാത്രയിലുടനീളം ഒരു അരുവിയുടെ സാന്നിധ്യമുണ്ട്. ബെയ്‌ലി പാലങ്ങളും പട്ടാള ചെക്ക് പോസ്റ്റുകളും പിന്നിട്ടാണ് യാത്ര. 9000 അടിയില്‍ നിന്നും 17100 അടിയിലേക്ക് കയറുകയാണ്. ശ്വാസതടസവും ഏറി വരുന്നു. റോഡരുകില്‍ പടര്‍ന്ന് കിടക്കുന്ന മഞ്ഞുകൂനകള്‍ക്കിടയിലൂടെയാണ് പ്രയാണം. ഈ മേഖലയില്‍ സൈനികരൊഴിച്ചാല്‍ ജനം വാസം തീരെയില്ല. മൂന്നര മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ ഗുരുദോങ്മാറില്‍ ഞങ്ങളെത്തി. സൈന്യത്തിന്റെ നിയന്ത്രണത്തിലായ ഈ പ്രദേശത്തിന്റെ വടക്കന്‍മേഖല 5 കിലോമീറ്ററിനപ്പുറം ചൈനീസ് അധിനിവേശ തിബറ്റാണ്. മഞ്ഞുമലകളാല്‍ ചുറ്റപ്പെട്ട സമതലത്തില്‍ ഒരു നീലത്തടാകം, അരികില്‍ ഒരു ക്ഷേത്രം. ഞങ്ങളെ ഗുരുദോങ്മാര്‍ വരവേല്‍ക്കുകയാണ്. തടാകത്തിന് ചുറ്റും ബുദ്ധമത വിശ്വാസികളുടെ മന്ത്രങ്ങള്‍ ആലേഖനം ചെയ്ത കൊടിതോരണങ്ങള്‍ നിറഞ്ഞിരിക്കുന്നു. 290 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന തടാകത്തെ വലം വെക്കുന്നും സ്പര്‍ശിക്കുന്നതും പുണ്യമായി വിശ്വാസികള്‍ കരുതുന്നു. സമീപത്തെ ക്ഷേത്രം വിവിധ മതവിശ്വാസങ്ങളുടെ സങ്കേതമാണ്. ആര്‍ക്കുമിവിടെ ആരാധന നടത്താം. കണ്ണാടിപോലുള്ള തടാകത്തില്‍ മഞ്ഞുമലകളുടെ പ്രതിഫലനം ഏറ്റവും സുന്ദരമായ കാഴ്ചയാണ്. ഇവിടെയെത്തുന്നവരുടെ മനസ് അല്‍പമെങ്കിലും ധ്യാനാത്മകമാകുമെന്നുറപ്പ്.

 

എട്ടാം നൂറ്റാണ്ടില്‍ ബുദ്ധമതാചാര്യനായ ഗുരു റിംപോച്ചെ  തിബറ്റില്‍ നിന്നുള്ള യാത്രക്കിടെ ഈ തടാകത്തിലെത്തിയെന്നാണ് ഐതിഹ്യം. ഗുരുവിന്റെ സ്പര്‍ശനത്താല്‍ വിശുദ്ധമായ തടാകമെന്നാണ് ഗുരുദോങ്മാറിനെ വിളിക്കുന്നത്. ഇത് പൂര്‍ണ്ണമായും മഞ്ഞിലുറയില്ലെന്നാണ് വിശ്വാസം. സിക്ക് ഗുരുവായ ഗുരുനാനാക്കും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. ശ്വാസതടസം മൂലം അധികസമയം ഗുരുദോങ്മാറില്‍ ചിലവഴിക്കാന്‍ കഴിയില്ല. അടുത്ത ഇടം ലാച്ചുംഗ് ആണ്. അവിടെ നിന്നും യുങ്താങ് വാലിയിലേക്കും മഞ്ഞുറഞ്ഞുകിടക്കുന്ന സീറോ പോയിന്റിലേക്കും യാത്ര തുടരേണ്ടതുണ്ട് എന്നതിനാല്‍ ഞങ്ങള്‍ തിരിച്ചിറക്കം
അല്‍പം വേഗത്തിലാക്കി.