News

ഇവയാണ് ഇന്ത്യയിലെ കസ്റ്റംസ് നിയമങ്ങള്‍

ഒരു യാത്രക്കാരന് 50,000 രൂപ വരെ മൂല്യമുള്ള സാധനങ്ങള്‍ കൊണ്ടു പോകാം. 2 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് അനുവദിച്ചിരിക്കുന്ന ബാഗേജില്‍ കുട്ടികളുടേതായ സാധനങ്ങള്‍ മാത്രമേ പാടുള്ളൂ. വീസ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ക്ക് പ്രത്യേക ബാഗേജ് ആനുകൂല്യവുമുണ്ട്. ഇത്തരക്കാര്‍ക്ക് ‘ട്രാന്‍സ്ഫര്‍ ഓഫ് റെസിഡന്‍സ്’ എന്ന പേരില്‍ കുറച്ചധികം സാധനങ്ങള്‍ കൊണ്ടു പോകാം. 3 മുതല്‍ 6 മാസം വരെ ഗള്‍ഫില്‍ നിന്ന വ്യക്തിക്ക് 60,000 രൂപ മൂല്യമുള്ള സാധനങ്ങള്‍ കൊണ്ടു പോകാം. 6 മാസം മുതല്‍ 1 വര്‍ഷം വരെയുള്ളവര്‍ക്ക് ഒരു ലക്ഷം രൂപയുടെയും 2 വര്‍ഷത്തില്‍ കൂടുതല്‍ നിന്നവര്‍ക്ക് 5 ലക്ഷം രൂപയുടെയും സാധനങ്ങള്‍ കൊണ്ടു പോകാം. 2 വര്‍ഷത്തിനിടെ ഒരു മാസം നാട്ടില്‍ നിന്നവര്‍ക്കും പരിഗണന ലഭിക്കും. എല്‍സിഡി, പ്ലാസ്മ ടിവികള്‍ ബാഗേജില്‍ പെടാത്തവയാണ്. ഇവയ്ക്ക് 35 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും 3 ശതമാനം വിദ്യാഭ്യാസ സെസ്സും നല്‍കണം. ലാപ്ടോപുകളും ബാഗേജില്‍ ഉള്‍പ്പെടില്ല. ഇവയ്ക്ക് പക്ഷേ നികുതി നല്‍കേണ്ടതില്ല. 18 വയസ്സിന് മുകളില്‍ പ്രായമുള്ള യാത്രക്കാര്‍ക്കാണ് ലാപ്ടോപ് കൊണ്ടുപോകാന്‍ അനുമതി.

നാട്ടിലേക്ക് പോകുന്ന ഒരു യാത്രക്കാരന് പരമാവധി 25,000 ഇന്ത്യന്‍ രൂപ വരെ കൈവശം വെയ്ക്കാം. 5,000 ഡോളറോ അല്ലെങ്കില്‍ 5,000 ഡോളറിന് തത്തുല്യമായ വിദേശ കറന്‍സികളും അനുവദനീയമാണ്.

മദ്യവും സിഗരറ്റും


പരമാവധി 2 ലിറ്റര്‍ മദ്യമേ ഒരു യാത്രക്കാരന്റെ കൈവശം പാടുള്ളു. വില കൂടിയ മദ്യങ്ങള്‍ക്ക് 100 മുതല്‍ 150 ശതമാനം വരെ നികുതി നല്‍കേണ്ടി വരും. സിഗരറ്റിന്റെ കാര്യത്തിലും പരിമിതിയുണ്ട്. നൂറ് സിഗരറ്റുകള്‍ കൊണ്ടു പോകാന്‍ മാത്രമേ അനുമതിയുള്ളു. യാത്രക്ക് തയ്യാറെടുക്കുന്ന പ്രവാസികള്‍ നിയമത്തെകുറിച്ച് ബോധവാന്മാരായിക്കണമെന്ന് ദോഹയിലെ സാമൂഹിക പ്രവര്‍ത്തകനായ അബ്ദുള്‍ റൗഊഫ് കൊണ്ടോട്ടി പറഞ്ഞു

സ്വര്‍ണാഭരണം സൂക്ഷിച്ച്

പുരുഷന്മാര്‍ക്ക് 20 ഗ്രാം സ്വര്‍ണാഭരണം (50,000 രൂപ മൂല്യമുള്ളത്) കൊണ്ടുപോകാം. സ്ത്രീകള്‍ക്ക് 40 ഗ്രാം സ്വര്‍ണാഭരണം (ഒരു ലക്ഷം രൂപ വരെ മൂല്യമുള്ളത്) കൈവശം വയ്ക്കാം. അതേസമയം വിദേശത്ത് കുറഞ്ഞത് 6 മാസത്തെ താമസത്തിനു ശേഷം മടങ്ങുന്നവര്‍ക്ക് ഒരു കിലോ സ്വര്‍ണം വരെ കൊണ്ടു പോകാം. പക്ഷേ, 10 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും 3 ശതമാനം സെസ്സും നല്‍കണം. എന്നാല്‍ 6 മാസം തികയാതെ മടങ്ങുന്നവര്‍ക്ക് 35 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും 3 ശതമാനം വിദ്യാഭ്യാസ സെസ്സും അടയ്ക്കണം. സ്വര്‍ണം കൊണ്ടു പോകുന്നതില്‍ സ്വര്‍ണ നാണയങ്ങള്‍ ഉള്‍പ്പെടില്ല. ആഭരണങ്ങള്‍ക്ക് മാത്രമാണ് അനുമതി. കസ്റ്റംസ് വകുപ്പില്‍ സ്വര്‍ണം സൂക്ഷിക്കാനുള്ള വ്യവസ്ഥയുണ്ട്. ഒരു മാസത്തിനുള്ളില്‍ നികുതി അടച്ച് സ്വര്‍ണം വീണ്ടെടുക്കാം.

കൈമാറ്റം പാടില്ല

അടുത്ത ബന്ധുക്കള്‍ ആണെങ്കില്‍ കൂടി ബാഗേജ് പരസ്പരം കൈമാറാന്‍ പാടില്ല. അതായത് ഒരു ടിക്കറ്റില്‍ അനുവദിച്ചിരിക്കുന്ന ബാഗേജ് അലവന്‍സ് കൊണ്ടു പോകാനേ ആ യാത്രക്കാരന് അനുമതിയുള്ളു. ദമ്പതികളാണെങ്കില്‍ പോലും അവരവര്‍ക്ക് അനുവദിച്ചിരിക്കുന്ന ബാഗേജ് പരിധി പാലിച്ചിരിക്കണം.