Destinations

നിറമാര്‍ന്ന മണല്‍ത്തരികള്‍ നിറഞ്ഞ ബീച്ചുകള്‍ പരിചയപ്പെടാം

ബീച്ചുകളിലെ സായന്തനങ്ങളും പുലരികളുമെല്ലാം പലരുടെയും സ്വകാര്യ ഇഷ്ടങ്ങളാണ്. കടല്‍കാറ്റേറ്റ് ഇളം ചൂടുള്ള മണല്‍പുറങ്ങളില്‍ വിശ്രമിക്കാന്‍ കൊതിയുള്ളവരായിരിക്കും നമ്മില്‍ പലരും. വെള്ള മണല്‍ വിരിച്ച കടല്‍തീരങ്ങള്‍ മാത്രമാണ് നമുക്ക് ഏറെ പരിചിതം. എന്നാല്‍ ചില കടല്‍ തീരങ്ങളുണ്ട്.. കറുപ്പും ചുവപ്പും പിങ്കും നിറങ്ങള്‍ കൊണ്ട് മണല്‍പാകിയ വിരിച്ചവ. അങ്ങനെയുള്ള കടല്‍ത്തീരങ്ങളിലേക്കു ഒരു യാത്ര പോയാലോ?

ഗോസോയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലായാണ് സാന്‍ ബ്ലാസ് ബീച്ച് സ്ഥിതി ചെയ്യുന്നത്. വളരെ ചെറിയൊരു ബീച്ചാണിതെങ്കിലും മനോഹരവും ഭംഗിയേറിയതുമാണ്. തെളിഞ്ഞ ജലവും നീന്താനുള്ള സൗകര്യങ്ങളും യാത്രികര്‍ക്കിടയില്‍ സാന്‍ ബ്ലാസിനു വലിയ സ്വീകാര്യത നല്‍കുന്നുണ്ട്. ഈ ബീച്ചിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടുത്തെ മണല്‍ത്തരികള്‍ തന്നെയാണ്. ഓറഞ്ച് നിറത്തിലുള്ള മണല്‍വിരിച്ച ബീച്ചാണ് സാന്‍ ബ്ലാസ്. ഉയര്‍ന്ന നിരക്കിലുള്ള അയണ്‍ ഓക്സൈഡാണ് മണല്‍തരികള്‍ക്കു ഓറഞ്ച് നിറം സമ്മാനിക്കുന്നത്. കടലിന്റെയും ഈ തീരത്തിന്റെയും സൗന്ദര്യംകൊണ്ട് സാന്‍ ബ്ലാസ് സഞ്ചാരികളുടെ ഇഷ്ടതാവളമാണ്.

പിങ്ക് ബീച്ച്- കൊമോഡോ ദ്വീപ്, ഇന്തോനേഷ്യ

ഇന്‍ഡോനേഷ്യയിലെ പതിനേഴായിരം ദ്വീപുകളിലൊന്നാണ് കൊമോഡോ. അവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചുകളിലൊന്നാണ് പെന്റായ് മെറാഹ് എന്ന പിങ്ക് ബീച്ച്. ലോകത്തില്‍ പിങ്ക് നിറത്തിലുള്ള മണല്‍ കാണപ്പെടുന്ന ഏഴു ബീച്ചുകളുണ്ട്. അതിലൊന്നാണ് കൊമോഡോ ദ്വീപിലെ ഈ ബീച്ച്. വെള്ള മണലില്‍ ചുവന്ന പവിഴത്തിന്റെ സാന്നിധ്യമുള്ളതുകൊണ്ടാണ് മണലുകള്‍ക്ക് പിങ്ക് നിറം കൈവരുന്നത്.

സ്നോര്‍ക്ലിങ് ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കൊമോഡോ ഡ്രാഗണ്‍, എന്ന ലോകത്തില്‍ ഇപ്പോഴുള്ളതില്‍ വെച്ച് ഏറ്റവും വലിയ പല്ലികള്‍ നിറഞ്ഞ, കൊമോഡോ ദേശീയ പാര്‍ക്കും ഈ ബീച്ചിനോട് ചേര്‍ന്ന് തന്നെയാണ് സ്ഥിതി ചെയ്യുന്നത്.

പാപകോലിയ ബീച്ച്- ഹവായ് ദ്വീപ്, ഹവായ്

മഹാന എന്നും അറിയപ്പെടുന്ന ഈ ബീച്ചിന്റെ ഏറ്റവും വലിയ സവിശേഷത പച്ച നിറത്തിലുള്ള മണല്‍ നിറഞ്ഞ കടല്‍ത്തീരമാണ്. ഒലിവൈന്‍ പരലുകലും ബിഗ് ഐലന്‍ഡില്‍ നിന്നുള്ള സിലിക്കേറ്റ് നിക്ഷേപവുമാണ് ഈ തീരത്തെ മണലിന് പച്ച നിറം നല്‍കുന്നത്. പാപകോലിയ മാത്രമല്ല, ഇതുപോലെ മൂന്നു ബീച്ചുകള്‍ കൂടി ലോകത്തുണ്ട് പച്ചനിറമുള്ള മണല്‍ നിറഞ്ഞവ. സൗകര്യങ്ങള്‍ തീരെ കുറഞ്ഞ, ഒരു ബീച്ചാണിതെങ്കിലും ഈ കടത്തീരം കാണാന്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവുകള്‍ ഇല്ല എന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത.

ചുവപ്പും കറുപ്പും നിറത്തിലുള്ള ലാവ സമ്മാനിച്ച ചുവന്ന കടല്‍ത്തീരമാണ് കൈഹാലുലു ബീച്ചിന്. വളരെ ഇടുങ്ങിയതും ചെങ്കുത്തായതുമായ ഈ കടല്‍ത്തീരം അല്പം അപകടം പിടിച്ചതാണ്. അതുകൊണ്ടു തന്നെ കുട്ടികളുമൊത്തു ഇങ്ങോട്ടുള്ള യാത്രകള്‍ ഒഴിവാക്കുന്നതാണ് ഉചിതം. ഏറെ അപകടകരമാണെങ്കിലും ഇവിടെ ആളുകള്‍ സ്നോര്‍ക്ലിങ്ങില്‍ ഏര്‍പ്പെടാറുണ്ട്.

ഹോര്‍സ്ഷൂ ബേ ബീച്ച് -ബര്‍മുഡ

സഞ്ചാരികളെ വളരെയധികം ആകര്‍ഷിക്കുന്ന ഒരു ബീച്ചാണ് ഹോര്‍സ്ഷൂ. പിങ്ക് മണല്‍ നിറഞ്ഞ തീരമാണ് ഈ ബീച്ചിന്റെ വലിയ പ്രത്യേകത. എല്ലാ സൗകര്യങ്ങളും പ്രദാനം ചെയ്യുന്ന ബീച്ചാണിത്.

അതുകൊണ്ടു തന്നെ വര്‍ഷാവര്‍ഷം നിരവധി യാത്രികര്‍ ഈ കടല്‍ത്തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഈ തീരമണയാറുണ്ട് . സ്നോര്‍ക്കലിംഗ് പോലുള്ള വിവിധ തരത്തിലുള്ള ജലവിനോദങ്ങളും ഭക്ഷണശാലകളുമെല്ലാം ഈ ബീച്ചിനോടനുബന്ധിച്ചു സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

റെയ്‌നിസ്ജെറാ- ഐസ് ലാന്‍ഡ്

ബസാള്‍ട് ലാവകള്‍ ഈ കടല്‍ തീരത്തെ മണലിന് നല്‍കിയിരിക്കുന്നത് കറുപ്പ് നിറമാണ്.പിരമിഡുകളെ അനുസ്മരിപ്പിക്കുന്ന നിരവധി ലാവാനിര്മിത ശിലകള്‍ ഇവിടെയെത്തുന്ന സഞ്ചാരികളെ വളരെയധികം ആകര്‍ഷിക്കുന്ന കാഴ്ചയാണ്. നീന്തലിനു ഒട്ടും അനുയോജ്യമല്ലാത്ത കടത്തീരമാണിത്. വളരെ ശക്തമായ കടല്‍ത്തിരകള്‍ അപകടകരമായ രീതിയില്‍ ചിലപ്പോള്‍ തീരത്തേക്ക് അടുക്കാറുള്ളതുകൊണ്ടു നീന്തല്‍ ഇവിടെ ഒട്ടും പ്രോത്സാഹിപ്പിക്കാറില്ല.

ഹാര്‍ബര്‍ ഐലന്‍ഡ് – ബഹാമസ്

മൂന്നു മൈലോളം നീളമുണ്ട് ഈ ബീച്ചിന് . സ്നോര്‍ക്കിലിങ്ങിനും നീന്തലിനും ഏറ്റവും അനുയോജ്യമായ ഈ കടല്‍ത്തീരത്തിന്റെ വലിയ സവിശേഷത, പിങ്ക് മണല്‍ നിറഞ്ഞ കരയാണ്. മറ്റുപിങ്ക് ബീച്ചുകളെ പോലെ തന്നെ ഈ മണലുകള്‍ക്കും നിറം നല്‍കുന്നത് ഫോറമിനിഫെറ തന്നെയാണ്.

വളരെ ശാന്തമായ കടല്‍ത്തീരമായതു കൊണ്ട് തന്നെ അപായസാധ്യതകള്‍ തീരെ കുറവാണ്. ബീച്ചിന്റെ മനോഹാരിത നിരവധി സഞ്ചാരികളെ ഹാര്‍ബര്‍ ദ്വീപിലേക്ക് ആകര്ഷിക്കാറുണ്ട്.

കാവെന്‍ഡിഷ് ബീച്ച്- പ്രിന്‍സ് എഡ്വേര്‍ഡ് ദ്വീപ്, കാനഡ

മിനുമിനുപ്പാര്‍ന്ന ചുവന്ന മണലാണ് ഈ ദ്വീപിലെ പ്രധാനാകര്‍ഷണം. പ്രിന്‍സ് എഡ്വേര്‍ഡ് ദേശീയ പാര്‍ക്കിനോടനുബന്ധിച്ചാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. കുടുംബവുമൊന്നിച്ചു ബീച്ചിലിരുന്നു കടല് കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനേറ്റവും യോജിച്ചൊരിടമാണ് കാവെന്‍ഡിഷ് ബീച്ച്.

വാഹനപാര്‍ക്കിങ് സൗകര്യങ്ങളും ഭക്ഷണവും വിശ്രമമുറികളും ലൈഫ്ഗാര്‍ഡുകളുമെല്ലാം ഇവിടെയുണ്ട്. എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയ, ജലവിനോദങ്ങള്‍ക്കു ഏറെ സാധ്യതകളുള്ള, മനോഹരമായ ഈ ചുവന്ന മണല്‍ ബീച്ച്, നിരവധി സഞ്ചാരികളെ സ്വീകരിക്കുന്നൊരിടമാണ്.