India

കാടിന്റെ കഥയുമായി ബുക്‌സാ ദേശീയോദ്യാനം

കാടുകളും ദേശീയോദ്യാനങ്ങളും നാടിന്റെ ഭാഗമായി കരുതി സംരക്ഷിക്കുന്നവരാണ് നമ്മള്‍. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കും സംരക്ഷണത്തിനും ഇത്തരം ഇടങ്ങള്‍ എങ്ങനെ സഹായിക്കുന്നു എന്നറിയുന്നവര്‍. അതുകൊണ്ടു തന്നെ ജൈവ വ്യവസ്ഥയുടെ ഭാഗമായ ദേശീയോദ്യാനങ്ങളും കാടുകളും സഞ്ചാരികളുടെ യാത്ര ലിസ്റ്റില്‍ ഇടം പിടിക്കാറുണ്ട്. ഇതാ പശ്ചിമ ബംഗാളിലെ ബുക്‌സാ ദേശീയോദ്യാനത്തിന്റെ പ്രത്യേകതകളെക്കുറിച്ചും വിശേഷങ്ങളെക്കുറിച്ചും വായിക്കാം…

ബുക്‌സാ ദേശീയോദ്യാനം

പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുഡിയില്‍ സ്ഥിതി ചെയ്യുന്ന ബുക്‌സാ ദേശിയോദ്യാനം ഈ നാട്ടിലെ കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ്. ദേശീയോദ്യാനം കൂടാതെ കടുവ സംരക്ഷണ കേന്ദ്രവും ഒരു പുരാതന കോട്ടയും ഇതിന്റെ ഭാഗമാണ്.

പ്രത്യേകതകള്‍

ഒരുപാട് ഭൂമിശാസ്ത്രപരമായും ജൈവപരമായും ഒരുപാട് പ്രത്യേകതകള്‍ ഈ പ്രദേശത്തിനുണ്ട്. ഭൂട്ടാനുമായി രാജ്യാന്തര അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്തിനുടുത്തു തന്നെയാണ് മാനസ് ദേശീയോദ്യാനവുമുള്ളത്. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള രാജ്യാന്തര ഏഷ്യന്‍ എലിഫന്റ് മൈഗ്രേഷന്റെ ഇടനാഴി എന്ന നിലയിലും ഇവിടം പ്രസിദ്ധമാണ്.

15-ാം വന്യജീവി സങ്കേതം

1983 ല്‍ സ്ഥാപിക്കപ്പെട്ട ഈ വന്യജീവി സങ്കേതം ഇന്ത്യയിലെ 15-ാമത്തെ വന്യജീവി സങ്കേതം കൂടിയാണ്. ഏകദേശം 314.53 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയും ഇതിനുണ്ട്.

ബുക്‌സാ കോട്ട

ബുക്‌സാ കടുവാ സങ്കേതത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന ബുക്‌സാ കോട്ടയാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ഭൂട്ടാന്‍ രാജാവിന്റെ കീഴിലായിരുന്ന ഈ പ്രദേശം അദ്ദേഹം സില്‍ക്ക് റൂട്ട് സംരക്ഷണത്തിനായാണ് ഉപയോഗിച്ചിരുന്നത്. ഈ കോട്ടയുടെ നിര്‍മ്മാണമോ ചരിത്രമോ ഇവിടെ ആര്‍ക്കും അറിയില്ല. അധിനിവേശ കാലത്ത് കുറേ നാളുകളോളം ഇത് ബ്രിട്ടന്റെ ഭാഗമായിരുന്നു. ആദ്യം മുളയില്‍ തീര്‍ത്തിരുന്ന കോട്ട ബ്രിട്ടീഷുകാരാണ് ഇന്നു കാണുന്ന രീതിയില്‍ കല്ലുകൊണ്ട് മാറ്റിപ്പണിതത്. 1930 കളില്‍ ഒരു സെക്യൂരിറ്റി ക്യാംപ് പോലെയായിരുന്നു ഇത് പ്രവര്‍ത്തിച്ചിരുന്നത്. അതായത് ആ സമയത്ത് കൊടും കുറ്റവാളികളെന്നു മുദ്ര കുത്തിയ ആളകളെ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍ കഴിഞ്ഞാല്‍ പിന്നീട് കൊണ്ടുവന്നിരുന്നത് ഇവിടെയായിരുന്നുവത്രെ.

ദേശീയോദ്യാനത്തിനുള്ളിലെ ഗോത്രവര്‍ഗ്ഗക്കാര്‍

ഗോത്രവര്‍ഗ്ഗക്കാര്‍ ആധിവസിക്കുന്ന ഇടങ്ങളും ഈ ദേശീയോദ്യാനത്തിലുള്ളിലുണ്ട്. കാടിനകത്തെ തടിയല്ലാത്ത വനസമ്പത്ത് ശേഖരിച്ചാണ് ഇവര്‍ ജീവിക്കുന്നത്. ഏകദേശം 37 ഗ്രാമങ്ങള്‍ ഇതിനുള്ളില്‍ ജീവിക്കുന്നു.